
തൃശൂര്‍: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി. വിശ്വനാഥന് (83) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 9.35 നായിരുന്നു അന്ത്യം. കെ.കരുണാകരന്, ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വനം മന്ത്രിയായിരുന്ന അദ്ദേഹം ആറു തവണ എംഎല്‍എ ആയിരുന്നു. കുന്നംകുളം, കൊടകര മണ്ഡലങ്ങളില്‍ നിന്നുമായിരുന്നു നിയമസഭയിലേക്ക് അദ്ദേഹം എത്തിയത്.
തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് കല്ലായില്‍ പാങ്ങന്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രില്‍ 22നാണ് കെ.പി. വിശ്വനാഥന്റെ ജനനം. 1991 ല്‍ കെ. കരുണകരന്റെയും 2004 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലും വനം വകുപ്പ് മന്ത്രിയായിരുന്നു. 1977 ലാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1980ലും ആദ്യം ജയിച്ച കുന്നംകുളം നിയോജകമണ്ഡലത്തില്‍ നിന്നു തന്നെ നിയമസഭയില്‍ എത്തി. 1987, 1991, 1996 വര്‍ഷങ്ങളിലും 2001 ലും കൊടകര നിയോജക മണ്ഡലത്തിലായിരുന്നു അദ്ദേഹം ജനവിധി തേടിയതും ജയിച്ച് നിയമസഭയിലേക്ക് എത്തിയതും.
2006, 2011 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കൊടകരയില്‍ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ സി.രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു. അഭിഭാഷകന് കൂടിയായിരുന്നു കെ.പി വിശ്വനാഥന്. യൂത്ത് കോണ്‍ഗ്രസ് വഴിയായിരുന്നു രാഷ്ട്രീയ പ്രവേശനം. 1967 മുതല്‍ 1970 സംഘടനയുടെ തൃശൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു. പിന്നീട് കെപിസിസി എക്സിക്യൂട്ടീവ് അംഗം, തൃശൂര്‍ ഡി.സി.സി സെക്രട്ടറി, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗം എന്നിങ്ങനെ പാര്‍ട്ടിയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു.
ഖാദി ബോര്‍ഡ് അംഗം, കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം, തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന് മാനേജിംഗ് കമ്മിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ചെയര്മാന്, ഡയറക്ടര്‍ എന്നിങ്ങനെയുള്ള പദവികളും വഹിച്ചിട്ടുണ്ട്. നാര്‍ക്കോട്ടിക് സെല്ലിന്റേതടക്കം പുരസ്ക്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.






