
കൊച്ചി : ജഡ്ജി നിയമനത്തിനായി െഹെക്കോടതി കൊളീജിയം സുപ്രീം കോടതി കൊളീജിയത്തിനു ശിപാര്‍ശ ചെയ്ത അഭിഭാഷകരുടെ വിവരങ്ങളടങ്ങിയ രേഖ പുറത്തായ സംഭവത്തില്‍ അന്വേഷണം തുടങ്ങി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും െഹെക്കോടതി രജിസ്ട്രിക്കും ഇതു സംബന്ധിച്ചു പരാതി ലഭിച്ചിരുന്നു. െഹെക്കോടതി വിജിലന്‍സ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്.
കൊളീജിയം അംഗങ്ങളായ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവര്‍ ഒപ്പുവച്ച കൊളീജിയം ശിപാര്‍ശയുടെ അവസാന പേജ് എന്ന പേരില്‍ സാമൂഹിക മാധ്യമത്തിലടക്കം പലരും പങ്കുവച്ചിരുന്നു.
െഹെക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണു കൊളീജിയം ശിപാര്‍ശ പുറത്താകുന്നതെന്നാണു മുതിര്‍ന്ന അഭിഭാഷകര്‍ പറയുന്നത്. നാലുപേജുള്ള ശിപാര്‍ശയില്‍ ആറ് അഭിഭാഷകരുടെ പേരുകള്‍ വ്യക്തമാക്കുന്ന നാലാമത്തെ പേജാണു പുറത്തായത്. ഏഴ് അഭിഭാഷകരുടെ പട്ടികയാണു തയാറാക്കിയത്. അഞ്ചാമത്തെ പേജിലാണ് ആദ്യത്തെ പേരെന്നും അനുമാനിക്കാം. അഭിഭാഷകരായ അബ്ദുള്‍ ഹക്കീം, വി. ശ്രീജ, വി.എം. ശ്യാംകുമാര്‍, ഹരിശങ്കര്‍ മേനോന്, എസ്. മനു, എസ്. ഈശ്വരന്, പി.എം. മനോജ് എന്നീ ക്രമത്തിലാണു പേരുകളെന്നാണു സൂചന.
രണ്ടാഴ്ച മുമ്പാണു കൊളിജീയം ചേര്‍ന്നു തീരുമാനമെടുത്തതെന്നാണു സൂചനയെങ്കിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. െഹെക്കോടതി വെബ്െസെറ്റില്‍ സാധാരണ ശിപാര്‍ശ അപ്ലോഡ് ചെയ്യാറുണ്ട്. അതും ഇതുവരെ വന്നിട്ടില്ല. കൊളീജിയം ശിപാര്‍ശ നല്കികഴിഞ്ഞാല്, വിവരം മാധ്യമങ്ങള്‍ക്കു നല്‍കാറുള്ളതാണ്.
ശിപാര്‍ശയുടെ ഒരോ പകര്‍പ്പു വീതം മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കേന്ദ്ര നിയമമന്ത്രിക്കും സുപ്രീം കോടതി കൊളീജിയത്തിനുമാണു സമര്‍പ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ശിപാര്‍ശ സര്‍ക്കാരിനു അയച്ചെന്നും ഇല്ലെന്നും കേള്‍വിയുണ്ട്. എന്നാല്‍, ഇക്കാര്യവും പുറത്തുവന്നിട്ടില്ല. ക്രിസ്മസ് അവധിക്കായി 22 നാണു കോടതി അടയ്ക്കുന്നത്. നാല്പതോളം അഭിഭാഷകരുടെ ബയോേഡറ്റകളാണു സഹജഡ്ജിമാരില്നിന്നും മറ്റുമായി ചീഫ് ജസ്റ്റിസിനു ലഭിച്ചത്. അതില്‍നിന്നാണു ഏഴു പേരെ തെരഞ്ഞെടുത്തത്.
വര്‍ഷങ്ങള്‍ക്കുശേഷം ഇത്തവണ ഏഴ് ഒഴിവുള്ളതിനാല്‍, നിരവധി അഭിഭാഷകര്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ ശ്രമിച്ചിരുന്നു. വ്യക്തി വിമര്‍ശനവും ആക്ഷേപങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍, അതീവ രഹസ്യമായാണു കൊളീജിയം നടപടികള്‍ പൂര്‍ത്തിയാക്കിയത്. കൊളീജിയം പരിഗണിച്ചിരുന്ന ഒരു അഭിഭാഷകനെതിരേ െലെംഗിക ആരോപണം ഈ ഘട്ടത്തില്‍ ഉയര്‍ന്നുവന്നതും ശ്രദ്ധേയമായി.
അതേസമയം, പുറത്തുവന്ന പട്ടിക പൂര്‍ണമായും ശരിയല്ലെന്നുള്ള അഭിപ്രായവും അഭിഭാഷര്ക്കിടയിലുണ്ട്. പുറത്തുവന്നതു ശരിയായ പട്ടികയല്ലെന്നും ചിലര്‍മാത്രം യഥാര്‍ഥ പട്ടികയിലുണ്ടാകാമെന്നും മറ്റു ചിലരെ സംരക്ഷിക്കാന്‍ ബോധപൂര്‍വം കൊളീജിയം തീരുമാനമെന്ന പേരില്‍ വ്യാജ പട്ടിക പുറത്തുവിട്ടതാകാമെന്നും കരുതുന്നവരുണ്ട്.ഇപ്പോള്‍ പുറത്തുവന്ന പട്ടികയെപ്പറ്റി ആക്ഷേപങ്ങളും ശക്തമാണ്. ഏഴു പേരുടെ പട്ടികയില്‍ നാലുപേര്‍ നായര്‍ വിഭാഗത്തില്‍നിന്നാണ്. ബ്രാഹ്മണ, മുസ്ലിം, പട്ടികജാതി വിഭാഗങ്ങളില്‍നിന്ന് ഒരാള്‍ വീതമുണ്ട്.
ഈഴവ, ക്രിസ്ത്യന്‍ വിഭാഗങ്ങളെ തഴഞ്ഞതോടെ സാമൂഹികനീതി നടപ്പായില്ലെന്നാണു പ്രധാന ആക്ഷേപം. അഭിഭാഷകരെക്കുറിച്ച് ഐ.ബിയുടെ രഹസ്യാന്വേഷണമടക്കം പൂര്‍ത്തിയാക്കിയാണു കൊളീജിയം പേരുകള്‍ തീരുമാനിച്ചത്. ശിപാര്‍ശയുടെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടതില്‍ അഭിഭാഷകരടക്കം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.





