
സോഷ്യല്‍ മീഡിയയില്‍ മണിക്കൂറുകളോളം സമയം ചിലവഴിയ്ക്കുന്നവരാണ് നമ്മള്. ഈ ശീലം അത്ര നല്ലതല്ലെന്ന് പലര്‍ക്കും അറിയാം. എന്നാല്‍ പലര്‍ക്കും അത് സാധിയ്ക്കാറില്ല. ദിവസവും സോഷ്യല്‍ മീഡിയ ഉപയോഗം മുപ്പതു മിനിറ്റ് കുറയ്ക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗം വ്യക്തികളുടെ ജീവിതത്തില്‍ നെഗറ്റീവായ സ്വാധീനവും ഉണ്ടാക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.
ജര്‍മനിയിലെ റൂര് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. തങ്ങള്‍ ഓണ്‍ലൈനില്‍ ഇല്ലാത്തപ്പോള്‍ നെറ്റ്വര്ക്കില് എന്തോ പ്രധാനപ്പട്ടത് സംഭവിച്ചിരിക്കാമെന്ന ആകുലത നെഗറ്റീവായ സ്വാധീനത്തില്‍ പ്രധാനപ്പെട്ടതാണ്. തൊഴിലിടത്തില്‍ സമ്മര്‍ദം കൂടുമ്പോഴും മറ്റും സന്തോഷനിമിഷങ്ങള്‍ നഷ്ടമാകുന്നതിനാല്‍ പോസിറ്റീവ് വികാരങ്ങള്‍ സൃഷ്ടിക്കാനാണ് ആളുകളിലേറെയും സാമൂഹികമമാധ്യമം ഉപയോഗിക്കുന്നതെന്ന് കരുതുന്നുവെന്ന് റൂര് സര്‍വകലാശാലയിലെ മെന്റല്‍ ഹെല്‍ത്ത് റിസര്‍ച്ച് ആന്റ്ട്രീറ്റ്മെന്റ് സെന്ററിലെ അസോസിയേറ്റ് പ്രൊഫസറായ ജൂലിയ ബ്രെയിലോവ്സ്കൈയ പറഞ്ഞു. കുറച്ചു സമയത്തേക്ക് മാനസികാവസ്ഥ മെച്ചപ്പെടുത്തുമെങ്കിലും ദീര്‍ഘകാലം കണക്കിലെടുക്കുമ്പോള്‍ അത് വിപരീത സാഹചര്യമാണ് സൃഷ്ടിക്കുകയെന്ന് ജൂലിയ പറഞ്ഞു.
വിവിധ മേഖലകളില്‍ പാര്‍ട് ടൈമായും ഫുള്‍ ടൈമായും ജോലി ചെയ്യുന്ന 160 പേരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. സ്ഥിരമായി സമയം ചെലവഴിക്കുന്നവരായിരുന്നു ഇവര്‍. ശേഷം ഇവരെ രണ്ടുവിഭാഗമാക്കി. ഒരുകൂട്ടര്‍ സോഷ്യല്‍ മീഡിയ ശീലം മാറ്റാതിരിക്കുകയും
മറ്റൊരു വിഭാഗം ദിവസവും മുപ്പതുമിനിറ്റ് സാമൂഹികമാധ്യമം ഉപയോഗം കുറയ്ക്കുകയും ചെയ്തു. ഒരാഴ്ച്ച സൂക്ഷ്മമായി നിരീക്ഷിച്ചതിനുശേഷം ഇവരുടെ ജോലിഭാരം, ജോലിയിലെ സംതൃപ്തി, മാനസികാരോഗ്യം, സമ്മര്‍ദത്തിന്റെ തോത് തുടങ്ങിയ പരിശോധിച്ചു. തുടര്‍ന്നാണ് ചെറിയ കാലഘട്ടത്തിലേക്കു പോലും സാമൂഹികമാധ്യമ ഉപയോഗം വെറും മുപ്പതു മിനിറ്റുവരെ കുറച്ചവരില്‍ ജോലിയിലെ സംതൃപ്തിയും മാനസികാരോഗ്യവും മെച്ചപ്പെട്ടതായി കണ്ടെത്തിയത്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മറുവിഭാഗത്തെ അപേക്ഷിച്ച് അമിതജോലി ഭാരം തോന്നിയതുമില്ല. മാത്രമല്ല ഓണ്‍ലൈനില്‍ ഇല്ലാത്തപ്പോള്‍ നെറ്റ്വര്ക്കില് എന്തോ പ്രധാനപ്പട്ടത് സംഭവിച്ചിരിക്കാമെന്ന ആകുലത ഇക്കൂട്ടരില്‍ കുറവായിരുന്നുവെന്നും കണ്ടെത്തി.
സാമൂഹികമാധ്യമത്തിന്റെ ഉപയോഗം കുറഞ്ഞതോടെ ജോലി ചെയ്യാനുള്ള സമയം കൂടുതല്‍ ലഭിക്കുകയും അതുവഴി അമിതജോലിഭാരം ഇല്ലാതാവുകയും ചെയ്തിരിക്കാമെന്നാണ് ഗവേഷകര്‍ കരുതുന്നത്. തുടര്‍ച്ചയായി ജോലിയില്‍ നിന്ന് ശ്രദ്ധ തിരിക്കുകവഴി മാനസികാരോഗ്യം മോശമാവുകയാണ് ചെയ്യുക.. ഇതും സാമൂഹികമാധ്യമ ഉപയോഗം കുറയ്ക്കുക വഴി പരിഹരിക്കാനാവും. ഓരോ ജോലിക്കിടയിലും സാമൂഹിക മാധ്യമ അപ്ഡേറ്റുകള് തുടര്‍ച്ചയായി പരിശോധിക്കുന്നതിലൂടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുകയും മോശം ഫലം ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ സോഷ്യല്‍മീഡിയയില്‍ മുഴുകുന്നതോടെ സഹപ്രവര്‍ത്തകരോട് ഇടപഴകാനുള്ള സമയം കൂടി നഷ്ടമാവുകയാണ് ചെയ്യുന്നതെന്നും അതും മാനസികാരോഗ്യത്തെ ബാധിക്കാമെന്നും ഗവേഷകര്‍ പറയുന്നു. ബിഹേവിയര്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.






