
അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ (fibre), ആന്റിഓക്സിഡന്റുകള്‍ എന്നിവ നല്‍കുന്ന മികച്ച പോഷകഗുണങ്ങളുള്ളവയാണ് പഴങ്ങള്‍. ദിവസവും പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ലഭിക്കാന്‍ സഹായിക്കും. എന്നാല്‍ പ്രായോഗികമായ ദൈനംദിന ഉപയോഗത്തിലേക്ക് വരുമ്പോള്‍ ചില സംശയങ്ങള്‍ ഉണ്ടാകാറുണ്ട്. പഴങ്ങള്‍ എപ്പോഴാണ് കഴിക്കേണ്ടത് ? വേനല്‍ക്കാലത്ത് ഏതെല്ലാം പഴങ്ങളാണ് കൂടുതല്‍ നല്ലത്? പഴങ്ങളുമായി ബന്ധപ്പെട്ടുള്ള പല ഉപദേശങ്ങളും സ്വയം ഉണ്ടാക്കിയതോ അല്ലെങ്കില്‍ ആളുകള്‍ പരസ്പരം പറഞ്ഞുപരത്തുന്നതോ ആണ്, കാരണം പഴങ്ങളുമായി ബന്ധപ്പെട്ട എന്തും ആരോഗ്യകരമാണെന്ന് കണ്ണടച്ച് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, പഴങ്ങളുടെ കാര്യത്തിലും അവ കഴിക്കുന്ന അളവും സമയവും പ്രധാനമാണ്.
പഴങ്ങളെക്കുറിച്ചുള്ള ഇത്തരം സംശയങ്ങള്‍ക്കെല്ലാം പ്രമുഖ മാധ്യമത്തോട് മറുപടി നല്‍കുകയാണ് ചെന്നൈയിലെ സിംസ് (SIMS) ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കല്‍ ഡയറ്റീഷ്യനായ ഡോ. വിനിത കൃഷ്ണന്‍. പല തെറ്റിദ്ധാരണകളും അനുമാനങ്ങളും അവര്‍ തിരുത്തുന്നു.
1. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനുള്ള പ്രധാന സ്രോതസ്സായി വെള്ളത്തിന് പകരം പഴങ്ങള്‍ ഉപയോഗിക്കാമോ?
പഴങ്ങള്‍ ധാരാളം നീരുള്ളവയാണ്, അവ കഴിച്ചതിനു ശേഷം ശരീരത്തില്‍ ജലാംശം ഉള്ളതായി നിങ്ങള്‍ക്ക് തോന്നും. എന്നാല്‍ വെള്ളത്തിന് പകരമാകാന്‍ അവയ്ക്ക് കഴിയുമോ? ഉദാഹരണത്തിന്, നിങ്ങള്‍ ധാരാളം തണ്ണിമത്തന്‍ കഴിച്ചാല്‍, നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള എട്ട് മുതല്‍ ഒന്‍പത് ഗ്ലാസ്സ് വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയ്ക്കാമോ?
ഡയറ്റീഷ്യന്റെ മറുപടി 'ഇല്ല' എന്നാണ്:
''വെള്ളത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ല. ജലാംശം നിലനിര്‍ത്താനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം വെള്ളം തന്നെയാണ്. എന്നിരുന്നാലും, ധാരാളം വെള്ളമടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ജലാംശത്തിന്റെ ആവശ്യകതയെ പിന്തുണയ്ക്കും.''
2. ഏറ്റവും കൂടുതല്‍ ജലാംശമുള്ള പഴങ്ങള്‍ ഏതെല്ലാമാണ് ?
വേനല്‍ക്കാലത്ത് കഴിക്കാന്‍ അനുയോജ്യമായ ചില പഴങ്ങളും അവയിലെ ജലാംശത്തിന്റെ അളവും താഴെ നല്‍കുന്നു:
* വെള്ളരിക്ക : 95 മുതല്‍ 96 ശതമാനം വരെ
* തണ്ണിമത്തന്‍ : ഏകദേശം 92 ശതമാനം
* മസ്‌ക് മെലന്‍ (കിരണിപ്പഴം) : 80 മുതല്‍ 90 ശതമാനം വരെ
* ഓറഞ്ച്/മോസംബി (മധുരനാരങ്ങ) : 89 ശതമാനം
* പൈനാപ്പിള്‍, പപ്പായ : 80 മുതല്‍ 90 ശതമാനം വരെ
ജലാംശത്തിന് പുറമേ, ഇവയില്‍ ഇലക്ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട്; പ്രത്യേകിച്ച് നേന്ത്രപ്പഴം, ഓറഞ്ച്, തേങ്ങാവെള്ളം, തണ്ണിമത്തന്‍ തുടങ്ങിയവയില്‍. എന്നാല്‍ ഡയറ്റീഷ്യന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത് പോലെ, ദിവസത്തിലെ ഏറ്റവും ചൂടുള്ള സമയത്തോ അല്ലെങ്കില്‍ വ്യായാമം ചെയ്യുമ്പോള്‍ അമിതമായി വിയര്‍ക്കുന്നത് വഴി ധാരാളം ദ്രാവകം നഷ്ടപ്പെടുമ്പോഴോ ശരീരത്തിന് ആവശ്യമായ വെള്ളത്തിന് പകരമാകാന്‍ പഴങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല. അവ നിങ്ങളുടെ ജലാംശത്തിന്റെ ആവശ്യകതയെ പിന്തുണയ്ക്കുമെങ്കിലും, വെള്ളത്തിന് പകരമുള്ള ഒരേയൊരു സ്രോതസ്സായി മാറ്റാന്‍ കഴിയില്ല.
3. പഴങ്ങള്‍ കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
പഴങ്ങള്‍ കഴിക്കാന്‍ പ്രത്യേകിച്ചൊരു 'മികച്ച സമയം' ഇല്ലെന്ന് ഡയറ്റീഷ്യന്‍ വ്യക്തമാക്കുന്നു. 'പഴങ്ങള്‍ കഴിക്കുന്നത് യഥാര്‍ത്ഥത്തില്‍ അതിന്റെ തരത്തെയും ഗുണനിലവാരത്തെയുമാണ് ആശ്രയിച്ചിരിക്കുന്നത്. സമയത്തേക്കാള്‍ പ്രധാനം പഴങ്ങളുടെ അളവും അവയുടെ ഗുണനിലവാരവുമാണ്.'
പലപ്പോഴും പ്രഭാതഭക്ഷണത്തില്‍ ഫ്രൂട്ട് ബൗളുകള്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ അതിനര്‍ത്ഥം രാവിലെയാണ് പഴങ്ങള്‍ കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം എന്നാണോ? ഇതിനോട് പ്രതികരിച്ചു കൊണ്ട് ഡയറ്റീഷ്യന്‍ പറഞ്ഞത്, 'രാവിലെ പഴങ്ങള്‍ കഴിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്ന് തെളിയിക്കുന്ന ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല' എന്നാണ്. അതിനാല്‍, ആരോഗ്യവാനായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, സമയത്തേക്കാള്‍ പ്രധാനം ശരിയായ അളവില്‍ പഴങ്ങള്‍ കഴിക്കുക എന്നതാണ്.
എന്നാല്‍ ചില സാഹചര്യങ്ങളില്‍ സമയം ഒരു പ്രധാന ഘടകമാണ്. ചില രോഗാവസ്ഥകളിലോ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടുമ്പോള്‍ പ്രത്യേക സമയത്ത് പഴങ്ങള്‍ കഴിക്കുന്നത് കൂടുതല്‍ ഗുണകരമോ അല്ലെങ്കില്‍ ദോഷകരമോ ആകാം:
1. പ്രമേഹമുള്ളവര്‍ക്ക് (Diabetes): പ്രമേഹ രോഗികള്‍ക്ക് ഭക്ഷണത്തോടൊപ്പം പഴങ്ങള്‍ കഴിക്കാം, കാരണം ഭക്ഷണത്തിലെ പ്രോട്ടീനും നാരുകളും പഴങ്ങളിലെ സ്വാഭാവിക മധുരം കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് (sugar spike) തടയാന്‍ സഹായിക്കും.
2. കായികതാരങ്ങള്‍ക്കും വ്യായാമം ചെയ്യുന്നവര്‍ക്കും : അവര്‍ക്ക് കൃത്യമായ സമയത്ത് പഴങ്ങള്‍ കഴിക്കുന്നത് കായികവിനോദങ്ങള്‍ക്കോ ശാരീരിക അധ്വാനങ്ങള്‍ക്കോ ആവശ്യമായ കൂടുതല്‍ ഊര്‍ജ്ജം നല്‍കും. വര്‍ക്കൗട്ടിന് (വ്യായാമത്തിന്) മുമ്പ് പഴങ്ങള്‍ കഴിച്ചാല്‍ അതിലെ ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍ നല്ല ഊര്‍ജ്ജം നല്‍കും.
3. ക്രോണ്‍സ് രോഗം (Crohn's disease) ഉള്ളവര്‍ക്ക്: രോഗത്തിന്റെ തീവ്രമായ ഘട്ടത്തിലോ പ്രാരംഭ ലക്ഷണങ്ങള്‍ കൂടുമ്പോഴോ പഴങ്ങള്‍ ഒഴിവാക്കണമെന്ന് ഡോ. വിനിത കൃഷ്ണന്‍ നിര്‍ദ്ദേശിക്കുന്നു. കാരണം അവ ഫ്രക്ടോസിന്റെ (fructose) സ്രോതസ്സായതിനാല്‍ വയറിലെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിച്ചേക്കാം.
4. അസിഡിറ്റി അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ (Acid reflux) ഉള്ളവര്‍ക്ക്: രാത്രി വൈകി പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് അസിഡിറ്റി കൂട്ടാന്‍ കാരണമായേക്കാം.
4. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ (Detox) പഴങ്ങള്‍ സഹായിക്കുമോ ?
ശരീരത്തില്‍ നിന്ന് വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളുന്ന പ്രക്രിയയാണ് ഡിറ്റോക്‌സിഫിക്കേഷന്‍ (Detoxification). ഈ പ്രവര്‍ത്തനം ശരീരത്തിലെ സ്വന്തം അവയവങ്ങളായ കരള്‍, വൃക്കകള്‍, ചര്‍മ്മം, ശ്വാസകോശം എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്. പഴങ്ങള്‍ക്ക് ഈ പ്രവര്‍ത്തനം നേരിട്ട് ചെയ്യാന്‍ കഴിയില്ല. 'പഴങ്ങള്‍ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇവയില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി തുടങ്ങിയ വിറ്റാമിനുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍, ശരീരത്തെ ഓക്‌സിഡേറ്റീവ് സട്രെസ്സില്‍ (oxidative stress) നിന്ന് സംരക്ഷിക്കാന്‍ അവ സഹായിക്കുന്നു. ഇതാണ് പലപ്പോഴും 'ഡിറ്റോക്‌സിഫിക്കേഷന്‍' ആയി തെറ്റിദ്ധരിക്കപ്പെടുന്നത്.' ഓറഞ്ച്, പേരയ്ക്ക, പപ്പായ, ആപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ ആന്റിഓക്സിഡന്റുകളുടെ മികച്ച സ്രോതസ്സുകളാണ്.






