
തിരുവനന്തപരും: സര്‍ക്കാരുമായുള്ള പോര് തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയിരിക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരളം രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചതായി റിപ്പോര്‍ട്ട്്. ഗവര്‍ണര്‍ നിരന്തരം പ്രോട്ടോകോള്‍ ലംഘനം നടത്തുന്നെന്നും ചുമതല നിറവേറ്റുന്നതില്‍ വീഴ്ച വരുത്തുന്നെന്നുമാണ് കത്തില്‍ മുഖ്യമന്ത്രി ആരോപിച്ചിരിക്കുന്നത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള മത്സരം രൂക്ഷമായി മാറിയ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്കെതിരേ രാഷ്ട്രപതിക്ക് കത്തയയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തിയ ഗവര്‍ണര്‍ക്ക് നേരെ നേരത്തേ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. കറുത്ത ബാനറും കറുത്ത ബലൂണുകള്‍ പറത്തിയുമായിരുന്നു പ്രതിഷേധം. ഇതിന്റെ പ്രതികരണമെന്ന രീതിയില്‍ ഗവര്‍ണര്‍ കാറില്‍ നിന്നും ഇറങ്ങി കോഴിക്കോട്ടെ മിഠായി തെരുവിലൂടെ നടക്കുകയും കടയില്‍ നിന്നും മധുരപലഹാരങ്ങള്‍ വാങ്ങുകയും ആള്‍ക്കാര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും മറ്റും ചെയ്തിരുന്നു. ഇസഡ് കാറ്റഗറി സുരക്ഷയില്‍ പെടുന്ന ഗവര്‍ണര്‍ ഇങ്ങിനെ ചെയ്യുന്നത് പ്രോട്ടോകോള്‍ ലംഘനമാണെന്നും പറഞ്ഞു.
മന്ത്രിസഭ പാസ്സാക്കിയ ബില്ലുകളില്‍ ഒപ്പിടാതിരുന്നതില് തുടങ്ങിയ പ്രശ്നം സര്‍വകലാശാലായിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് രൂക്ഷമായി മാറുകയായിരുന്നു. പിന്നീട് ഗവര്‍ണര്‍ക്കെതിരേ എസ്എഫ്ഐ രംഗത്ത് വന്നതോടെ തുറന്ന പോരായി മാറുകയായിരുന്നു. നേരത്തേ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാതിരുന്ന നടപടിക്കെതിരേ സംസ്ഥാനം നിയമനടപടിക്ക് പോയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകലാശാലകളില്‍ സെനറ്റ് അംഗങ്ങളെ നിയോഗിച്ചതിനെതിരേ എസ്എഫ്ഐ രംഗത്ത് വന്നത്. സംഘപരിവാര്‍ അജണ്ഡ ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് എസ്എഫ്ഐ കരിങ്കൊടി പ്രയോഗവും ബാനറുകള്‍ ഉയര്‍ത്തലും മറ്റുമായി രംഗത്ത് വരികയായിരുന്നു.
പോലീസ് നിഷ്ക്രിയത്വത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയും ഇതിന് പിന്നാലെ നവകേരള സദസ്സിന്റെ വേദിയില്‍ ഗവര്‍ണറെ മുഖ്യമന്ത്രിയും മന്ത്രിമാരും രൂക്ഷമായി വിമര്‍ശിക്കുകയുമായിരുന്നു. കോഴിക്കോട് നഗരത്തില്‍ ഇറങ്ങി നടന്നതിന് ഗവര്‍ണറെ രൂക്ഷ വിമര്‍ശനം നടത്തി. കേരളത്തിലെ ക്രമസമാധാന പാലനം മികച്ചതാണെന്ന് ഗവര്‍ണര്‍ തെളിയിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധമായി കാര്യങ്ങളില്‍ ഇടപെടുകയാണെന്നും ഉന്നതവിദ്യാഭ്യാസ മേഖലകളില്‍ സംഘപരിവാര്‍ അജണ്ഡ നടപ്പിലാക്കുകയാണെന്നുമായിരുന്നു മന്ത്രിമാര്‍ ഉയര്‍ത്തിയ പ്രധാന ആരോപണം.






