
തിരുവനന്തപുരം: ഡിജിപിയുടെ വീട്ടിലേക്ക് മഹിളാമോര്ച്ച പ്രവര്ത്തകര് മാര്ച്ച് നടത്തിയ സംഭവത്തില് സുരക്ഷാവീഴ്ച ആരോപിച്ച് മൂന്ന് പോലീസുകാര്ക്കെതിരേ നടപടി. ഡിജിപി ഷെയ്ഖ് ദര്വേഷ് സാഹിബിന്റെ വീട്ടില് ഡ്യൂട്ടി ചെയ്തിരുന്ന ഹവീല്ദാര്മാരായ മുരളീധരന്നായകര്, സജിന്, മുഹമ്മദ് ഷമീന് എന്നീ ഗാര്ഡുമാര്ക്കെതിരേയാണ് നടപടി. ഇവരെ സസ്പെന്റ് ചെയ്യും. മാര്ച്ചിന്റെ ദൃശ്യം പകര്ത്താന് ക്യാമറയും മറ്റുമായി എത്തിയ കണ്ടാല് അറിയാവുന്ന മാധ്യമപ്രവര്ത്തക്കെതിരേയും കേസെടുക്കും.
സുരക്ഷാ വീഴ്ച ആരോപിച്ചാണ് നടപടി ഉണ്ടായിരിക്കുന്നത്. ഡിസംബര് 15 നായിരുന്നു അഞ്ചുപേര് ഡിജിപിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയതും സിറ്റൗട്ടില് കുത്തിയിരുന്നതും. ഇവര് പരാതി നല്കാനെന്ന വ്യാജേനെ എത്തിയായിരുന്നു പ്രതിഷേധിച്ചത്. ഡിജിപിയുടെ വീട്ടിലെ രണ്ടു ഗേറ്റില് ചെറിയ ഗേറ്റ് വഴിയായിരുന്നു ഇവര് അകത്തേക്ക് എത്തിയത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. രണ്ടുഗേറ്റില് വലിയ ഗേറ്റ് വാഹനങ്ങളും മറ്റും കയറാനും ഇറങ്ങാനും ഉള്പ്പെടെയുള്ള ആവശ്യത്തിനായി റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതാണ്. രണ്ടാമത്തേത് ചെറിയ ഗേറ്റാണ്. അത് ഉന്നതോദ്യോഗസ്ഥര്ക്കും മറ്റും കയറാനുള്ളതാണ്. ഈ ഗെയിറ്റു വഴിയായിരുന്നു മഹിളാമോര്ച്ചാ പ്രവര്ത്തകര് എത്തിയതും കുത്തിയിരുന്ന് പ്രതിഷേധിച്ചതും.
സമരക്കാര് പരാതിനല്കാനുണ്ടെന്ന വ്യാജേനെയാണ് എത്തി മഹിളാമോര്ച്ച പ്രവര്ത്തകര് പ്രതിഷേധിക്കുകയായിരുന്നു. സംഭവത്തില് സുരക്ഷാവീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്ന്ന് നേരത്തേ മ്യൂസിയം എസ്എച്ച്ഒ യോടും ഡിസിപിയോടും ഡിജിപി വിശദീകരണം തേടിയിട്ടുണ്ട്. മഹിളാമോര്ച്ച പ്രവര്ത്തകര്ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. പ്രവര്ത്തകരുടെ കയ്യില് കരിങ്കൊടിയും കറുത്ത ഷാളും ബിപെജിയുടെ കൊടിയും ഉണ്ടായിരുന്നു. വനിതാപോലീസുകാര് ഇല്ലാതിരുന്നതിനാല് പ്രവര്ത്തകരുടെ അപ്രതീക്ഷിത നീക്കം തടയാനും കഴിഞ്ഞില്ല. ഡിജിപി വീട്ടില് ഉണ്ടായിരുന്ന സമയത്തായിരുന്നു പ്രതിഷേധം.







Comments