
എരുമേലി: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ദ്ധന ഉണ്ടായതിനെ തുടര്‍ന്ന് എരുമേലിയിലും കോട്ടയം പൊന്‍കുന്നം പൈക റൂട്ടില്‍ വന്‍ ഗതാഗത തടസ്സം. 20 ലധികം വാഹനം വീതമാണ് കടത്തിവിടുന്നത്. വാഹനം പോലീസ് തടയുന്നതില്‍ ഭക്തരുടെ ശക്തമായ പ്രതിഷേധവും ഉയരുന്നു. കോട്ടയത്തും വൈക്കത്തും ഭക്തര്‍ റോഡ് ഉപരോധിക്കുന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കോട്ടയത്ത് വൈക്കത്തും പൊന്‍കുന്നം പൈക റൂട്ടിലും വാഹനങ്ങള്‍ പിടിച്ചിടുകയാണ്. തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണവും വെള്ളവും കിട്ടാതെ വലയുകയാണ്. വെള്ളം പോലും കിട്ടാത്ത സ്ഥലത്താണ് വാഹനങ്ങള്‍ പിടിച്ചിടുന്നത് എന്നാരോപിച്ച് ഭക്തര്‍ റോഡ് ഉപരോധിച്ചു. അതേസമയം ക്രിസ്മസിന്റെ അവധി കൂടി ആയതോടെ സമീപത്ത് കടകള്‍ പോലുമില്ലാതെ വന്നതോടെ ചായ പോലും കിട്ടാനാകാതെ അനേകം ഭക്തരാണ് വഴിയില്‍ കുടുങ്ങിയിരിക്കുന്നത്. കുടിവെള്ളം പോലും കിട്ടാത്ത സ്ഥലത്താണ് വാഹനങ്ങള്‍ പിടിച്ചിടുന്നതെന്നാണ് ഭക്തരുടെ ആക്ഷേപം.
തിരക്ക് കാരണം പമ്പയില്‍ നിന്നും സന്നിധാനത്തെത്താന്‍ തീര്‍ത്ഥാടകര്‍ക്ക് 16 മണിക്കൂറിലധികം നേരം വരി നില്‍ക്കേണ്ടിവരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ അടക്കം മണിക്കൂറുകളോളം വഴിയില്‍ തടയപ്പെടുന്ന സ്ഥിതിയാണ്. വിമര്‍ശനം ശക്തമാകുകയും ഭക്തര്‍ പ്രതിഷേധിക്കുകയും ചെയ്തതോടെ എരുമേലിയിലും മറ്റും പോലീസ് കുടിവെള്ളം കൊണ്ടുവന്നു കൊടുത്തു.
കഴിഞ്ഞ 10 ദിവസത്തിനിടയിലെ ഏറ്റവും വലിയ തിരക്കാണ് ശബരിമലയില്‍ ഇപ്പോള്‍ അനുഭവപ്പെട്ടത്. ഇന്നലെ മാത്രം 1,00969 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പതിനഞ്ചും പതിനാറും മണിക്കൂറുകള്‍ കാത്തു നിന്നാണ് ഭക്തര്‍ പതിനെട്ടാം പടി കയറുന്നത്. ഇടത്താവളങ്ങളില്‍ മണിക്കൂറുകള്‍ കാത്തു നിന്ന ശേഷമാണ് ദര്‍ശനം നടത്താന്‍ പതിനെട്ടാം പടിയിലെ ക്യൂവിലും ആള്‍ക്കാര്‍ക്ക് നില്‍ക്കേണ്ടി വരുന്നത്.
പുല്ലുമേട് കാനന പാത വഴി മാത്രം 5798 പേരാണ് ഇന്നലെ എത്തിയത്. അതിനിടയില്‍ നിലയ്ക്കലില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. തമിഴ്നാട്ടില്‍ നിന്നുള്ള 13 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ശബരിമല ദര്‍ശനം കഴിഞ്ഞ തീര്‍ത്ഥാടകരുമായി നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.






