
കൊച്ചി: പെരുമ്പാവൂരിൽ ആശാവർക്കർക്ക് നേരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ച പ്രതി പിടിയില്‍. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയെ മോഷണത്തിനായി വീട്ടില്‍ കയറിയ പ്രതി കടന്നാക്രമിക്കുകയായിരുന്നു. പ്രതി നഗ്നനായാണ് വീട്ടില്‍ അതിക്രമിച്ച് കയറിയത്
ജൂലൈ 10-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷണശ്രമത്തിന്റെ ഭാഗമായി വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച നിലയിൽ കണ്ട യുവതി വീടിനുള്ളിൽ പരിശോധന നടത്താൻ കയറിയപ്പോഴാണ് നഗ്നനായ പ്രതി ആക്രമിച്ചത്. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ പരാതി ലഭിച്ചയുടൻ പെരുമ്പാവൂർ പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ലൈംഗിക അതിക്രമ ശ്രമം, അതിക്രമിച്ചു കടക്കൽ, മോഷണശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.






