
ചെന്നൈ: തമിഴ്‌നാട്ടിൽ നിന്നുള്ള ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ഡോ. ഇ. തിരുമലൈ രാജ എന്ന അധ്യാപകന്റെ ജീവിതസമരങ്ങൾ വിവരിക്കുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഇന്റർനെറ്റിൽ വ്യാപകമായ ശ്രദ്ധ നേടുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്.ഡി ഉൾപ്പെടെ നിരവധി ബിരുദാനന്തര ബിരുദങ്ങളും പ്രൊഫഷണൽ യോഗ്യതകളും ഉണ്ടായിരുന്നിട്ടും, കുടുംബം പുലർത്താനായി അദ്ദേഹം ക്യാബ് ഡ്രൈവറായും ജോലി ചെയ്യുകയാണ്.
നിലവിൽ ചെന്നൈയിലെ പ്രെസിഡൻസി കോളേജിൽ കരാർ അധ്യാപകനായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. അനന്ത് രൂപനഗുഡി എന്ന എക്സ് ഉപയോക്താവാണ് ഡോ. രാജയ്ക്ക് അക്കാദമിക് രംഗത്ത് ഒരു സ്ഥിര ജോലി കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഈ വിവരം പങ്കുവെച്ചത്.
വൈറലായ പോസ്റ്റ് അനുസരിച്ച്, ഡോ. തിരുമലൈ രാജയ്ക്ക് അമ്പരപ്പിക്കുന്ന വിദ്യാഭ്യാസ പശ്ചാത്തലമാണുള്ളത്. ഇംഗ്ലീഷ് സാഹിത്യത്തിലെ പിഎച്ച്.ഡിക്ക് പുറമെ, എം.ഫിൽ, എം.എ (ഇംഗ്ലീഷ്), എം.എസ്.സി (സൈക്കോളജി), ബി.എഡ്, ഡിപ്ലോമ ഇൻ ടീച്ചർ എഡ്യൂക്കേഷൻ എന്നിവയും മറ്റ് നിരവധി അക്കാദമിക് യോഗ്യതകളും അദ്ദേഹം നേടിയിട്ടുണ്ട്.സർവ്വകലാശാലകളിൽ ചോദ്യപേപ്പർ തയ്യാറാക്കുന്നയാളായും അതിഥി പ്രഭാഷകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ യുജിസി അംഗീകൃത ജേണലുകളിൽ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
"ഇന്തോ-ആംഗ്ലിയൻ എഴുത്തുകളിലെ ബ്ലാക്ക് ഹ്യൂമർ" എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ പിഎച്ച്.ഡി ഗവേഷണം. ദേശീയ-അന്തർദേശീയ സെമിനാറുകളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം, ഐക്യുഎസി കോർഡിനേറ്റർ, പരീക്ഷാ സെൽ കോർഡിനേറ്റർ, എഡിറ്റർ, മോട്ടിവേഷണൽ സ്പീക്കർ, കമ്മ്യൂണിക്കേഷൻ സ്കിൽസ് ട്രെയിനർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.
നേരത്തെ നാമക്കല്ലിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തിരുന്നപ്പോൾ ഡോ. രാജയ്ക്ക് പ്രതിമാസം 20,000 രൂപ മാത്രമാണ് ശമ്പളം ലഭിച്ചിരുന്നതെന്ന് പോസ്റ്റിൽ പറയുന്നു. നിലവിൽ ചെന്നൈ പ്രെസിഡൻസി കോളേജിലെ കരാർ ജോലിയിലൂടെ ലഭിക്കുന്നത് പ്രതിമാസം 30,000 രൂപയോളമാണ്. എന്നാൽ ഈ വരുമാനം അദ്ദേഹത്തിന്റെ കുടുംബഹ്തിന്റെ ചിലവുകൾക്ക് തികയുന്നില്ല. ഭാര്യയും സ്കൂളിൽ പഠിക്കുന്ന രണ്ട് മക്കളും നാമക്കല്ലിലാണ് താമസം. ഡോ. രാജ ജോലിക്കായി ചെന്നൈയിലും കഴിയുന്നു. കുടുംബച്ചെലവുകൾ കൈകാര്യം ചെയ്യുന്നതിനായി ഒഴിവുസമയങ്ങളിൽ അദ്ദേഹം കോൾ ടാക്സി ഡ്രൈവറായും ജോലി ചെയ്യുകയാണ്.
ഇന്ത്യയിൽ താൽക്കാലിക-കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഉയർന്ന യോഗ്യതയുള്ള അധ്യാപകർ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഡോ. രാജയുടെ ഈ അവസ്ഥ.






