
തൃശൂര്‍: തൃശൂരില്‍ ലഹരിസംഘത്തിന്റെ വിളയാട്ടം. എരവിമംഗലത്ത് കഴിഞ്ഞ ദിവസം വീട് ആക്രമിക്കുകയും കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തതിനു പിന്നില്‍ ലഹരിമരുന്നിന് അടിമയായ പതിനഞ്ചുകാരനെന്ന് സംശയം. ചിറയത്ത് ഷാജിയുടെ വീടാണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. ആണ്‍കുട്ടിയെ വീടിന്റെ വരാന്തയില്‍ കണ്ടിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന അക്രമത്തില്‍ ഫിഷ് ടാങ്കില്‍ കല്ലും കണ്ണും വാരിയിടുകയും ടൈലും സ്വിച്ച് ബോര്‍ഡും അടിച്ചുപൊട്ടിക്കുകയും സോളാര്‍ പാനല്‍ തകര്‍ക്കുകയും ചെയ്തിരുന്നു. വീട്ടുകാര്‍ ഈ സമയം സ്ഥലത്തില്ലായിരുന്നു. പ്രദേശത്തെ പാടശേഖരത്ത് യുവാക്കള്‍ സംഘടിച്ച് ലഹരി ഉപയോഗം പതിവാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഈ സംഘത്തിലുള്ള കൗമാരക്കാരനാണ് ആക്രമണം നടത്തിയതെന്നാണ് സംശയം. ഇയാളെ പോലീസ് തിരയുകയാണ്. സംഘത്തില്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
അതിനിടെ, പുലക്കാട്ടുകരയിലും കഴിഞ്ഞ ദിവസം വീട് കയറി ആക്രമണം നടന്നു. പുതുക്കാട്ടുകര സ്വദേശി രമേശിനെയാണ് ലഹരി സംഘം ആദ്യം മര്‍ദ്ദിച്ചത്. ആളുമാറിയായിരുന്നു മര്‍ദ്ദനം. രമേശിന്റെ അയല്‍വാസിയായ ബിനു പുഴക്കരയിലെ മദ്യപാനം ചോദ്യം ചെയ്തതിനാണ് ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിക്കുകയും മറ്റും ചെയ്തത്. ആളുമാറി എന്നറിഞ്ഞപ്പോള്‍ അക്രമികള്‍ ക്ഷമ പറഞ്ഞ് മടങ്ങി.
അയല്‍വാസിയായ ബിനുവിനെ തേടിയാണ് വന്നത്. പിന്നീട് ബിനുവിന്റെ വീട്ടില്‍ കയറി ബിനുവിനെയും കുട്ടികളെയും മര്‍ദ്ദിച്ചു. പതിനഞ്ച് പേരോളം വരുന്ന സംഘമാണ് ആക്രമിച്ചതെന്ന് ബിനുവിന്റെ അമ്മ പറയുന്നു.






