
കൊച്ചി: കളമശേരി കണ്വന്ഷന് സെന്റര്‍ സ്ഫോടനക്കേസില്‍ യഹോവ സാക്ഷി സമൂഹവുമായി തെറ്റിപ്പിരിഞ്ഞവരേപ്പറ്റി അന്വേഷണം. പ്രതി ഡൊമിനിക് മാര്ട്ടിന് ഇവരില്‍ ചിലരുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഇവരുമായി മാര്ട്ടിന് നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. സ്ഫോടനത്തിന് ഇവരുടെ പ്രേരണയുണ്ടോ എന്നു പരിശോധിച്ചുവരികയാണ്.
സ്ഫോടനം നടന്നതിന്റെ തലേദിവസം കാലടി സ്വദേശിയുമായി സംസാരിച്ചിരുന്നു. ഇയാളും നേരത്തെ യഹോവ സാക്ഷി അനുയായിയായിരുന്നു. പിന്നീടു തെറ്റിപ്പിരിഞ്ഞു. ഇത്തരത്തില്‍ നിരവധി പേരുണ്ടെന്നാണു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇവരില്‍ പലര്‍ക്കും യഹോവ സാക്ഷി സമൂഹത്തോടു പകയുണ്ടെന്നും വ്യക്തമായിട്ടുണ്ട്.
തങ്ങള്‍ വിട്ടുപോന്നിട്ടും കുടുംബാംഗങ്ങള്‍ യഹോവ സാക്ഷികളുടെ യോഗത്തിനു പോകുന്നതില്‍ പലര്‍ക്കും കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇക്കാര്യം ഇവര്‍ സംസാരിക്കുമായിരുന്നു. എന്തെങ്കിലും തിരിച്ചടി കൊടുക്കണമെന്ന ചിന്തയാണു ഡൊമനിക് മാര്ട്ടിന് നടപ്പാക്കിയത്. അതിനാല്‍, മാര്‍ട്ടിന്റെ കൃത്യത്തിനു പിന്നില്‍ അസംതൃപ്തരായ ഇവരില്‍ ചിലരുടെ പ്രേരണയുണ്ടാകാമെന്നാണു അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
ഡൊമനിക് മാര്‍ട്ടിന്റെ മൊെബെല്‍ ഫോണും ഗാഡ്ജറ്റുകളും മറ്റും ഫോറന്‍സിക് പരിശോധനയ്ക്കു നല്‍കിയിട്ടുണ്ട്. ഇയാള്‍ പല ഫോണ്‍ നമ്പറുകളും ഡിലീറ്റ് ചെയ്തതായി സംശയിക്കുന്നു. മൊെബെല്‍ ഡേറ്റകളില്നിന്നും തെളിവുകള്‍ ലഭിക്കുമെന്നാണു പ്രതീക്ഷ. പ്രതിയുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളും വിശദമായി പരിശോധിച്ചു.
ഡൊമിനിക് മാര്ട്ടിന് മാത്രമാണു പ്രതിയെങ്കിലും ആക്രമണത്തിന്റെ തയാറെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ മറ്റാര്‍ക്കെങ്കിലും അറിവോ പങ്കോ ഉണ്ടോയെന്നാണ് അന്വേഷണസംഘങ്ങള്‍ പരിശോധിക്കുന്നത്. മാര്‍ട്ടിന്റെ വിദേശ ജീവിതം വിശദമായി പരിശോധിച്ചിരുന്നു. ആശാരിയായും ഫോര്മാന് ആയും ഇയാള്‍ ദുബായില്‍ ജോലി നോക്കിയിരുന്നു. അവിടെ ഉപയോഗിച്ച ഫോണ്‍ കണ്ടെത്താനായില്ല.
ബോംബ് നിര്‍മാണത്തിലടക്കം മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്നും പരിശോധിക്കാന്‍ ഒരു വര്‍ഷത്തെ ഫോണ്‍ വിളികള്‍ പരിശോധിച്ചുവരികയാണ്. എന്നാല്‍, എന്‍.ഐ.എ. അന്വേഷണത്തില്‍ രണ്ടാമതൊരാളുടെ പങ്ക് കണ്ടെത്താനായിട്ടില്ല.






