
ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത സംവിധായകനാണ് ലാല്‍ ജോസ്. ഇപ്പോഴിതാ ഈ പുതുവര്‍ഷത്തില്‍ പുത്തന്‍ തുടക്കത്തിന് ആരംഭം കുറിക്കുകയാണ് അദ്ദേഹം. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് 'ലാല്‍ ജോസിന്റെ കൊച്ചുവര്‍ത്തമാനങ്ങള്‍' എന്ന ഉദ്യമത്തിന് അദ്ദേഹം തുടക്കമിട്ടത്. ജനുവരി ഒന്നാം തിയതി രാവിലെ അഞ്ചു മണിക്കാണ് പുതിയ പരിപാടിക്ക് തുടക്കമാവുക.
സോഷ്യല്‍ മീഡിയയില്‍ ലാല്‍ ജോസ് പങ്കുവെച്ച കുറിപ്പ്:
''പ്രിയരേ, ഡിസംബര്‍ മാസമാകുമ്പോ എവിടെ നിന്നെങ്കിലും അടുത്ത വര്‍ഷത്തേക്കുള്ള ഒരു പുത്തന്‍ ഡയറി ആരുടെയെങ്കിലും സ്നേഹസമ്മാനമായി കയ്യിലെത്തും. ധാരാളം ഡയറികള്‍ കയ്യില്‍ വന്ന വര്‍ഷങ്ങളില്‍ ഇതിലൊക്കെ എഴുതി നിറയ്ക്കാനും മാത്രം അനുഭവങ്ങള്‍ വരും കൊല്ലത്തില്‍ ഉണ്ടാകണമെന്ന് കൊതിച്ചിട്ടുണ്ട്.
കൂട്ടത്തില്‍ ഒരു നല്ല ഡയറി എടുത്ത് അടുക്കോടും ചിട്ടയോടും അനുഭവങ്ങള്‍ എഴുതണമെന്ന് പ്രതിജ്ഞയെടുത്ത പുതുവര്‍ഷങ്ങള്‍ എത്രയോ പിന്നിട്ടു. നാലു താളിനപ്പുറം കടന്നിട്ടില്ല. അനുഭവങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. എഴുതാനുള്ള അച്ചടക്കവും കെല്പും ഇല്ലഞ്ഞിട്ടാണ്. ഇനിയും അനുഭവങ്ങളെയങ്ങനെ പാട്ടിന് വിടാന്‍ പറ്റില്ല. കൊറെ വല്യമനുഷ്യരെ അതിലധികം നല്ല മനുഷ്യരെ കണ്ടിട്ടുണ്ട്, അറിഞ്ഞിട്ടുണ്ട്. നല്ല നല്ല സ്ഥലങ്ങളില്‍ പോയി എല്ലാം മറന്നിരുന്നിട്ടുണ്ട്.
ആകെ പിടിച്ചുലയ്ക്കുന്ന കഥകളെത്ര കേട്ടിരിക്കുന്നു. എഴുതാന്‍ വയ്യാത്തകൊണ്ട് പറയാമെന്ന് വച്ചു. ഒരു കൊച്ചുകാമറ ഓണ്‍ ചെയ്തുവെച്ച് അതിന്റെ കണ്ണിലേക്ക് നോക്കി ഓരോരോ കൊച്ചുവര്‍ത്തമാനങ്ങള്‍... പത്ത് മിനിറ്റില്‍ താഴെയുള്ള ഓരോ വീഡിയോകള്‍. ..അവ അപ്ലോഡ് ചെയ്യാന്‍ ഒരു യൂട്യൂബ് ചാനല്‍... ലാല്‍ ജോസിന്റെ കൊച്ചുവര്‍ത്തമാനങ്ങള്‍... സംഗതി ഈ പുതുവര്‍ഷത്തില്‍ ജനുവരി ഒന്നാം തീയതി അഞ്ചു മണിക്ക് തുടങ്ങുകയാണ്... കൂടെയുണ്ടാകുമല്ലോ''. അദ്ദേഹം കുറിച്ചു.






