
കോട്ടയം: ജാതി സെന്‍സസിനും ജാതി സംവരണത്തിനുമെതിരേ എന്‍.എസ്.എസ്. നേതൃത്വം നിലപാട് കടുപ്പിച്ചതോടെ പ്രതിസന്ധിയിലായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് ജാതി സെന്‍സസ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സജീവമായി രംഗത്തുള്ളത്. എന്നാല്‍, എന്‍.എസ്.എസ്. ജാതി സെന്‍സസിനും സംവരണത്തിനുമെതിരേ തിരിഞ്ഞതോടെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് നിലപാട് വ്യക്തമാക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്ക്കവേ ജാതി സെന്‍സ് സജീവ ചര്‍ച്ചയാക്കി മാറ്റുന്നത് കേരളത്തില്‍ ഗുണകരമാകുമോ എന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസും ജാതി സംവരണവും ചര്‍ച്ചയാക്കുന്നത് തെരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനുളളത്.
എന്നാല്‍, എന്‍.എസ്.എസ്. പോലെയുളള പ്രബല സംഘടന ഇതിനെതിരേ രംഗത്ത് വന്നത് കോണ്‍ഗ്രസിന് അവഗണിക്കാനാകില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്ന ശക്തമായ ആക്ഷേപം എന്‍.എസ്.എസിനുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ കേരളത്തില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് പിന്നാലെപോകുമ്പോള് സംസ്ഥാനം ഭരിക്കുന്ന സി.പി.എം, മുസ്ലിംകള്ക്ക് പിന്നാലെയാണെന്നാണ് എന്‍.എസ്.എസിന്റെ പരാതി. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തിലേക്ക് എന്‍.എസ്.എസ്. നീങ്ങുമെന്ന കണക്കൂട്ടലിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. ഇതിനിടെയാണ് കല്ലുകടിയായി ജാതി സെന്‍സസും ജാതി സംവരണവും കോണ്‍ഗ്രസിന്റെ ഉറക്കംകെടുത്തുന്നത്.
രാഷ്ട്രീയ പാര്‍ട്ടികളോട് സമദൂരമെന്ന പ്രഖ്യാപിത നിലപാടാണ് എന്‍.എസ്.എസ്. നേതൃത്വം സ്വീകരിച്ചിരിക്കുന്നതെങ്കിലും എന്‍.എസ്.എസ്. നേതാക്കളില്‍ ബഹുഭൂരിപക്ഷവും കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് ശ്രദ്ധയോടെ മാത്രമേ നിലപാട് സ്വീകരിക്കാനാകൂ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരേ പ്രതികരിക്കുമെന്ന് വ്യക്തമാക്കിയ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, ജാതി സെന്‍സസ് ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടത് തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ്. സ്വീകരിക്കുന്ന സമീപനത്തിന്റെ സൂചനയായി കരുതുന്നവരും ഏറെയാണ്.
സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരേ പ്രതികരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കെന്നപോലെ മത സമുദായിക സംഘടനകള്‍ക്കും ഉണ്ടെന്ന് സുകുമാരന്‍ നായര്‍ ഇന്നലെ മന്നം ജയന്തി സമ്മേളനത്തോടനുബന്ധിച്ച് നടത്ത പ്രതിനിധി സമ്മേളനത്തില്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ എന്‍.എസ്.എസ്. ഇടപെടില്ല അതുപോലെ രാഷ്ട്രീയ പാര്‍ട്ടികളെ എന്‍.എസ്.എസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






