
കൊച്ചി : പരിശോധനകള്‍ ശക്തമായതോടെ രാസലഹരി വില്‍പ്പനയ്ക്കു പുതുവഴികള്‍ തേടി മയക്കുമരുന്ന് ലോബി. പുതുവത്സരത്തലേന്ന് അരിച്ചുപെറുക്കിയിട്ടും എക്സൈസിനോ പോലീസിനോ കാര്യമായി മയക്കുമരുന്ന് പിടികൂടാനായില്ല. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഡി.ജെ. പാര്‍ട്ടികള്‍ വ്യാപകമായി നടന്നെങ്കിലും തന്ത്രപൂര്‍വമായിരുന്നു ലഹരി ഇടപാടുകളെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു. മയക്കുമരുന്ന് ഇടപാടുകാരെ കണ്ടെത്തിയാലും അവരില്‍നിന്നു ലഹരിവസ്തു പിടികൂടിയാലേ കേസെടുക്കാനാവൂ.
വില്‍പ്പനക്കാര്‍ പറയുന്നിടത്ത് ആവശ്യക്കാര്‍ ചെന്ന് കൈപ്പറ്റുന്ന രീതിയാണിപ്പോള്‍. ശൃംഖല ശക്തമായതിനാല്‍ പഴുതില്ലാതെയാണു കൈമാറ്റം. ഇടപാടുകാര്‍ നിയമങ്ങെളപ്പറ്റി ബോധവാന്മാരാണ്. ഉമിനീര് പരിശോധനാഫലത്തില്‍ കൃത്യതയില്ലാത്തതിനാല്‍, അതിന്റെ പേരില്‍ കേസെടുക്കാനും കഴിയുന്നില്ല. മയക്കുമരുന്നിലും വ്യാപകമായി മായം കലര്‍ത്തുന്നു. അഞ്ച് ഗ്രാം എം.ഡി.എം.എയില്‍ 0.32 ഗ്രാം മാത്രമേ അസലുള്ളൂ. ആലം പൊടിച്ചുചേര്ത്താണു വില്‍പ്പന.
ഉറങ്ങില്ല, വിശക്കില്ല
2009-ല്‍ ഉണ്ടായിരുന്നതിന്റെ 500 ഇരട്ടി വര്‍ധന മയക്കുമരുന്ന് കേസുകളിലുണ്ട്. 2017 മുതലാണു സിന്തറ്റിക് മയക്കുമരുന്ന് കേരളത്തില്‍ പിടിക്കപ്പെട്ടു തുടങ്ങിയത്. എം.ഡി.എം.എ. ഒരു ഗ്രാം ഉള്ളിലെത്തിയാല്‍ 12-24 മണിക്കൂര്‍ ലഹരി നിലനില്ക്കും. ഉറക്കം അകന്നുനില്ക്കും. വിശപ്പ് കുറയും. പിടിയിലായവരില്‍ നടത്തിയ ആരോഗ്യ സര്‍വേയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു വെളിപ്പെട്ടത്.
പല്ല് കൊഴിയും, കണ്ണ് കുഴിയും
മെത്താംഫെറ്റാമൈന്‍ ഉപയോഗിക്കുന്നവരെ പെട്ടെന്നു തിരിച്ചറിയാമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവരുടെ പല്ലുകള്‍ പൊതുവേ കേടായ അവസ്ഥയിലാകും. മെത്ത് മൗത്ത് എന്ന ഈ അവസ്ഥ വളരെ വേഗം സംഭവിക്കും. ഒറ്റവര്‍ഷത്തിനുള്ളില്‍ പല്ലുകള്‍ നഷ്ടപ്പെടും. രാസലഹരിക്ക് അടിപ്പെട്ടവരുടെ കൈകാലുകള്‍ ശോഷിക്കും. കണ്ണുകള്‍ കുഴിയും. എം.ഡി.എം.എയ്ക്ക് അടിപ്പെട്ടാല്‍ 5-15 വര്‍ഷത്തിലേറെ ആയുസുണ്ടാവില്ല. വൃക്കരോഗത്തിനും മയക്കുമരുന്ന് ഉപയോഗം കാരണമാകും.
പുതിയ ആയുധം സ്പ്രിങ് ബാറ്റ്!
മയക്കുമരുന്ന് റെയ്ഡുകള്‍ കൂടുതല്‍ അപകടകരമായെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘാംഗങ്ങള്‍ പെട്ടെന്ന് അക്രമാസക്തരാകുന്നു. ഒറ്റനോട്ടത്തില്‍ ആയുധമെന്നു തോന്നിക്കാത്ത ഉപകരണങ്ങളാണു പ്രയോഗിക്കുന്നത്. സ്പ്രിങ് ബാറ്റ് എന്ന ഉപകരണം ഒരടിയോളം നീളമുള്ള വടിയാണ്. എന്നാല്‍, സ്വിച്ച് അമര്‍ത്തിയാല്‍ ഇരട്ടിനീളമുള്ള മറ്റൊരു ദണ്ഡ് ശക്തമായി പുറത്തേക്കുവരും. മിക്കപ്പോഴും തലയ്ക്കുനേരേയാകും പ്രയോഗം.






