
അടൂര്‍: പെറ്റുവളര്‍ത്തിയ മക്കള്‍ ഒന്‍പത് പേരും നല്ല നിലയില്‍ ജീവിക്കുമ്പോള്‍ പൂട്ടിയിട്ട ഗേറ്റിനുളളില്‍ കാടുപിടിച്ച പുരയിടത്തിലെ സുരക്ഷിതമല്ലാത്ത വീട്ടില്‍ പരസഹായമില്ലാതെ ദിനചര്യകള്‍ പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു മലമേക്കര, ചാങ്കൂര്‍ വീട്ടില്‍ നിര്യാതനായ പാപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി (85). നാല് വര്‍ഷത്തിലധികമായി ഈ വീട്ടില്‍ തനിച്ച് കഴിയുകയായിരുന്നു ഇവര്‍.
ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതിനാല്‍ എന്തെങ്കിലും ഒരു അത്യാഹിതം സംഭവിച്ചാല്‍പോലും അയല്‍ക്കാര്‍ അറിയുകയോ സഹായിക്കുവാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. മക്കളില്‍ ചിലര്‍ ഗേറ്റില്‍ തൂക്കിയിട്ട് പോകുന്ന ഭക്ഷണം കഴിച്ചാണ് ഇവര്‍ ജീവന് നിലനിര്‍ത്തിയിരുന്നത്.
മക്കളെ കാണാത്തപ്പോള്‍ ഗേറ്റിലെത്തി കാത്തുനില്ക്കും. സഹാനുഭൂതി തോന്നിയ നാട്ടുകാരില്‍ ചിലര്‍ ഇവര്‍ക്ക് ചായയും ഭക്ഷണവും എത്തിക്കുമായിരുന്നു. ഈ ദുരവസ്ഥ ചോദ്യം ചെയ്ത നാട്ടുകാരുമായി മക്കള്‍ തര്‍ക്കിക്കുകയും, അമ്മയുടെ കാര്യത്തില്‍ ഇടപെടരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തതോടെ മലമേക്കര റസിഡന്‍സ് അസോസിയേഷന് ഇടപെട്ട് ഇവരുടെ ദുരിത കഥ ആര്.ഡി.ഓയെയും പോലീസിലും അറിയിച്ചു.
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ വയോധിക ദുരിതാവസ്ഥയില്‍ തനിച്ചു കഴിയുകയാണെന്ന് ബോധ്യപ്പെടുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് ആര്.ഡി.ഒ തുളസീധരന്‍പിളള ഇടപെടുകയും പോലീസ് സഹായത്തോടെ അമ്മയുടെ സംരക്ഷണം ഏറ്റെടുക്കുവാന്‍ മഹാത്മ ജനസേവനകേന്ദ്രത്തിന് ഉത്തരവ് നല്‍കുകയുമായിരുന്നു.
ആര്.ഡി.ഓഫീസ് ഉദ്യോഗസ്ഥന് സുധീഷ്കുമാര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ അനി തോമസ്, എസ്. സ്മിത, മലമേക്കര റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് സി. ആശ, സെക്രട്ടറി റെജി, ട്രഷറര്‍ ശരത് എന്നിവരുടെ സാന്നിധ്യത്തില്‍ അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷില്‍ഡ ആന്റണി, സൂപ്രണ്ട് പ്രീത ജോണ്‍, പ്രവര്‍ത്തകരായ വിനോദ്. ആര്, അമല്‍ രാജ്, ഇന്ദിര, മോനിഷ്കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തിയാണ് ഇവരെ ഏറ്റെടുത്തത്.
ഗേറ്റ് പൂട്ടിയ നിലയില്‍ ആയിരുന്നതിനാല്‍ നാട്ടുകാര്‍ മതിലിന് മുകളിലൂടെ അകത്തെത്തി ട്രോളിയില്‍ കിടത്തി ഗേറ്റിന് മുകളിലൂടെ ചുമന്ന് കടത്തിയാണ് ആംബുലന്‍സില്‍ എത്തിച്ചത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം വയോധികയെ മഹാത്മയില്‍ എത്തിച്ചു. ഇവര്‍ക്ക് നിയമ സംരക്ഷണം ഉറപ്പാക്കുമെന്ന് ആര്.ഡി.ഓ. അറിയിച്ചു.






