
കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് സ്റ്റേഷന് ഉപരോധിച്ച കോണ്‍ഗ്രസ് കേതാക്കള്ക്കെതിരെ കേസ്. കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്. പോലീസ് സ്റ്റേഷന് കത്തിക്കുമെന്ന് നേതാക്കള്‍ ഭീഷണി മുഴക്കിയെന്ന് എഫ്ഐആറില്‍ പറയുന്നു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് ഒന്നാം പ്രതി. ഹൈബി ഈഡന് എം.പി, ഉമാ തോമസ്, അന്‍വര്‍ സാദത്ത്, ടി.ജെ വിനോദ് എന്നീ എംഎല്‍എമാരുമാണ് പ്രധാനപ്രതികള്‍.
കരിങ്കൊടി പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റു ചെയ്ത ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്റ്റേഷന് ജാമ്യത്തില്‍ വിടാതെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതോടെയാണ് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമെത്തിയത്. രാത്രി വൈകിയും സ്റ്റേഷന് വളഞ്ഞ് പ്രതിഷേധം തുടര്‍ന്നു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ പോലീസ് നിര്‍ബന്ധിതരാകുകയായിരുന്നു.
ജാമ്യം കിട്ടിയാല്‍ പിരിഞ്ഞുപോകുമെന്നും അല്ലെങ്കില്‍ ജാമ്യം കിട്ടുന്നവരെ പ്രതിഷേധം തുടരുമെന്നും നേതാക്കള്‍ അറിയിച്ചിരുന്നു. കോടതി പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.






