
പത്തനംതിട്ട: കോന്നി വട്ടക്കാവിൽ 17 വയസ്സുകാരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടക്കാവ് സ്വദേശി ശബരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് വീട്ടുകാർ സംഭവം അറിഞ്ഞത്. തുടർന്ന് വാർഡ് മെമ്പർ വിവരമറിയിച്ചതിനെ തുടർന്ന് കോന്നി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥിയാണ് ശബരി. അമ്മയും അനിയത്തിയും അമ്മൂമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛൻ വിദേശത്താണ്.
വീട്ടിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഫാനിൽ നിന്ന് വേർപ്പെട്ട് താഴേക്ക് വീണ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. വ്യക്തിപരമായ കാരണങ്ങളാകാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.
പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റി.






