കൊച്ചി: സിറോ മലബാര്‍ സഭയിലെ അവസാനിക്കാത്ത പ്രശ്നങ്ങള്‍ക്ക് കാരണം എറണാകുളം- അങ്കമാലി അതിരൂപത ഉയര്‍ത്തിയ വിഷയങ്ങളോടുള്ള അവഗണനയാണെന്ന് അതിരൂപത മുഖപത്രമായ 'സത്യദീപം'. ഇത്രയേറെ പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടും ജനാഭിമുഖ കുര്‍ബാനയ്ക്ക് വേണ്ടി നിലകൊള്ളുന്ന വൈദികരേയും വിശ്വാസികളെയും അവഗണിച്ച് സഭാ നേതൃത്വം മുന്നോട്ട് പോകരുത്. ജനാഭിമുഖമെന്ന അതിരുപത മനസ്സ് വെളിപ്പെട്ട സാഹചര്യത്തില്‍ അത് ഒഴിവാക്കേണ്ട പ്രശ്നമല്ലാതെ സഭയുടെ വൈവിധ്യപൂര്‍ണ്ണമായ പാരമ്പര്യ സമൃദ്ധിയോട് ചേര്‍ത്തുനിര്‍ത്തി സ്വീകരിക്കണമെന്ന് സത്യദീപം ഈ ലക്കം ആവശ്യപ്പെടുന്നു. സിറോ മലബാര്‍ സഭാ മെത്രാന്മാരുടെ സിനഡ് ഈ മാസം എട്ടിന് ചേരാനിരിക്കേയാണ് സത്യദീപം നിലപാട് ആവര്‍ത്തിക്കുന്നത്.
മുഖപ്രസംഗം ഇങ്ങനെ തുടരുന്നു:
'ഇവിടെ പ്രശ്നമൊന്നുമില്ല' എന്ന നിലപാടിലുറച്ച് സഭാനേതൃത്വം നിന്തരമായി അതവഗണിച്ചൊഴിഞ്ഞതിന്റെ അനന്തര ഫലം തന്നെയാണ് ഇനിയും അവസാനിക്കാത്ത വിവാദങ്ങളുടെ കാര്യവും കാതലും. അപ്പോഴും പ്രശ്നം പരിഹരിക്കാനല്ല പ്രശ്നക്കാരെ ഇല്ലാതാക്കാനായിരുന്നു സര്‍വശ്രമവും. ആദ്യമുയര്‍ന്ന ഭൂമി വില്പന വിവാദമായാലും, ഇപ്പോഴും തുടരുന്ന കുര്ബാനയര്പ്പണത്തര്ക്കമാണെങ്കിലും തുടക്കം അതിരൂപതയിലെ വിശ്വാസികളില്‍ നിന്നോ, വൈദിക നേതൃത്വത്തില്‍ നിന്നോ ആയിരുന്നില്ലെന്നും സത്യദീപം ‘അവസാന സാധ്യതയാണ്, സമ്മതിക്കണം’ എന്ന മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
അതിരൂപതയെ ഒറ്റപ്പെടുത്തും വിധം ഭൂമിവിവാദം മറയ്ക്കാന്‍ കുര്‍ബാനയര്‍പ്പണ തര്‍ക്കത്തെ വീണ്ടും ഉയര്‍ത്തിയവര്‍, നടപടിക്രമങ്ങള്‍ കാറ്റില്‍ പറത്തി അത് കര്‍ക്കശമായി നടപ്പാക്കാന്‍ ശ്രമിച്ചിടത്താണ് പ്രശ്നങ്ങളുടെ തുടക്കവും. തീരുമാനം ഐകകണ്ഠ്യേന എന്നവകാശപ്പെട്ടവര്‍ പിന്നീട് ലിറ്റര്‍ജി വിഷയത്തില്‍ അതാവശ്യമില്ലെന്ന് തിരുത്തി. രണ്ടു വട്ടം മാര്‍പാപ്പയുടെ കത്ത് സമ്പാദിച്ചതിലൂടെ ആരാധനാക്രമ വിഷയത്തില്‍ സിനഡിന്റെ പരാമാധികാരം വത്തിക്കാന്‍ വിട്ടുകൊടുത്തു കൊണ്ടുള്ള കീഴടങ്ങല്‍ പൂര്‍ണ്ണമാക്കി. സീറോ മലബാര്‍ ഹയരാര്‍ക്കിയുടെ ശതാബ്ദി സ്മരണവേളയില്‍ അതിരൂപതയുടെ ഭരണം തുടര്‍ച്ചയായി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ കീഴില്‍ തുടരുന്ന സാഹചര്യത്തെ ഒഴിവാക്കാനാകാതെ സഭാ നേതൃത്വവും സിനഡും നിസ്സഹായരാകുമ്പോഴും തര്‍ക്കം തുടങ്ങിവച്ചതിന്റെയും തുടര്‍ന്ന് വത്തിക്കാനോളം വഷളാക്കിയതിന്റെയും വിശ്വാസികളെ രണ്ട് തട്ടില്‍ നിറുത്തി അള്‍ത്താര അവഹേളനത്തോളം ഗുരുതരമാക്കിയതിന്റെയും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാകുന്നതെങ്ങനെയാണെന്ന് സത്യദീപം ചോദിക്കുന്നു.
ഭൂമി വിവാദത്തിന്റെ പ്രഭവകേന്ദ്രമായ കര്‍ദിനാളും വി. കുര്‍ബാനയര്‍പ്പണതര്‍ക്കം തെരുവുയുദ്ധമോളമെത്താനിടയാക്കിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും രാജിവച്ചൊഴിഞ്ഞ, മാറിയ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് അനുരഞ്ജനത്തിന്റെ സമവായ ഭാഷയില്‍ സംസാരിക്കാന്‍ ജനുവരി 8-ന് ആരംഭിക്കുന്ന സിനഡിനായാല്‍ പ്രശ്നപരിഹാരവഴിയില്‍ അത് നിര്‍ണ്ണായകമാകുമെന്ന് സത്യദീപം പ്രത്യാശ പ്രകടിപ്പിക്കുന്നു.
ലിറ്റര്‍ജി തര്‍ക്കം തുടരുമ്പോള്‍ തന്നെ സീറോ മലബാര്‍ സഭയുടെ ആസ്ഥാന അതിരൂപതയെന്ന ഉത്തരവാദിത്വവും അതുളവാക്കുന്ന ബാധ്യതയും ഏറ്റെടുക്കാന്‍ എറണാകുളം-അങ്കമാലിക്ക് കഴിയും എന്നതാണ് സത്യം. കാരണം, ആ വഴിയിലെ അതിപ്രധാന നീക്കമായിരുന്നു, പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ചുബിഷപ്പ് സിറിള്‍ വാസിലുമായി അതിരൂപത പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകളും കൂട്ടായി എത്തിച്ചേര്‍ന്ന ധാരണകളും. മേജര്‍ ആര്‍ച്ചുബിഷപ്പുള്‍പ്പെടെ സഭയിലെ മെത്രാന്മാര്ക്ക് അതിരൂപതയിലെവിടെയും ഏകീകൃത ബലിയര്‍പ്പിക്കാന്‍ അവസരമൊരുക്കുന്ന വിധത്തില്‍ തന്നെയാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. അതിലെ ധാരണകളെ സിനഡില്‍ സാധൂകരിക്കുക മാത്രമാണ് പരിഹാരം.
ാപ്പായുടെ ആഹ്വാനമനുസരിച്ച് ക്രിസ്മസ് നാളില്‍ അതിരൂപതയിലെ ദേവാലയങ്ങളില്‍ ഏകീകൃത ബലിയര്‍പ്പിച്ചുവെന്ന വസ്തുത പ്രശ്നപരിഹാരവഴിയിലെ അതിപ്രധാന ചുവടായി കാണുകയും വേണം. ഏകീകൃത കുര്‍ബാനയോടൊപ്പം ജനാഭിമുഖ ബലിയും അര്‍പ്പിക്കാനുള്ള ഐഛികാവകാശം സഭയിലെ മെത്രാന്മാര്ക്ക് നല്‍കിയാല്‍പോലും സഭയിലെയും അതിരൂപതയിലെയും ഇപ്പോഴത്തെ പ്രതിസന്ധി വലിയ ഒരളവില്‍ അവസാനിക്കും എന്നുറപ്പാണ്. സഭയിലെ വൈവിധ്യത്തിന്റെ സൗന്ദര്യത്തെ സവിശേഷമായി സാക്ഷാത്കരിക്കാനുള്ള സുവിശേഷ സാധ്യതയായി ഈ ഐഛികങ്ങളെ സ്വീകരിക്കുകയാണ് വേണ്ടത്.
വി. കുര്‍ബാന അര്‍ത്ഥവത്തായി ആഘോഷിക്കാനുള്ള വിശ്വാസികളുടെ അവകാശത്തെ കേവലം നിയമപ്രശ്നമുന്നയിച്ച് നിരര്‍ത്ഥകമാക്കരുത്. അനാവശ്യതര്‍ക്കമുന്നയിച്ച് പള്ളികള്‍ പൂട്ടിയിടുന്ന സാഹചര്യം ആര് സൃഷ്ടിച്ചാലും അപകടകരമാണ്. അതിനിയും ആവര്‍ത്തിച്ചുകൂടാ. അത് പരിഹാരമല്ല; പരാക്രമമാണ്. കാരണം അടച്ചിടല്‍ രീതി, അടഞ്ഞ മനസ്സുകളുടേതാണ്.
ജനാഭിമുഖ ബലിയര്‍പ്പണത്തെ ഇല്ലിസിറ്റായി പ്രഖ്യാപിച്ചതിനും, ഏറ്റവും ഒടുവില്‍ മാര്‍പാപ്പയുടെ വീഡിയോ സന്ദേശം വന്നതിനുശേഷവും അതിരൂപതയിലെ ബഹുഭൂരിപക്ഷം വിശ്വാസികളും, വൈദികരും ജനാഭിമുഖ ബലിയര്‍പ്പണത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നുവെന്ന സവിശേഷമായ സാഹചര്യം അവഗണിക്കപ്പെട്ടുകൂടാ. ജനാഭിമുഖ ബലിയര്‍പ്പണമെന്ന അതിരൂപതമനസ്സ് ഒരിക്കല്‍കൂടി വെളിപ്പെട്ട സാഹചര്യത്തില്‍ അത് ഒഴിവാക്കേണ്ട പ്രശ്നമായല്ലാതെ സഭയുടെ വൈവിധ്യസമ്പൂര്‍ണ്ണമായ പാരമ്പര്യ സമൃദ്ധിയോടു ചേര്‍ത്തുനിര്‍ത്തേണ്ട സാധ്യതയായി ബന്ധപ്പെട്ടവര്‍ സ്വീകരിക്കണം. അധികാരത്തെ സ്വേച്ഛയുടെ മര്‍ദകോപാധിയും കലാപാഹ്വാനവുമാക്കാത്ത സഭാധ്യക്ഷനും സംവിധാനവും സഭയില്‍ സംഭവിക്കണമെന്നും സത്യദീപം ആവശ്യപ്പെടുന്നു.






