
മെല്‍ബണ്‍: ഓസ്ട്രേലിയൻ ക്രിക്കറ്റ് മുൻ നായകൻ ആരോൺ ഫിഞ്ച് ബിഗ് ബാഷ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു . ഇന്ന് നടന്ന ഹോബാര്‍ട്ട് ഹാരികെയ്ന്‍സിനെതിരായ മത്സരത്തിന് ശേഷമാണ് ആരോൺ ഫിഞ്ച് വിരമിക്കൽ പ്രഖ്യാപിച്ചത്. താരം ലെജന്‍ഡ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നത് തുടരും. ജനുവരി 13 ന് മാര്‍വല്‍ സ്റ്റേഡിയത്തില്‍ മെല്‍ബണ്‍ സറ്റാര്സിനെതിരെ താരത്തിനായി ഒരു വിടവാങ്ങല്‍ മത്സരം കളിക്കാന്‍ ക്ലബ് പദ്ധതിയിടുന്നുണ്ട്.
ഒമ്പത് സീസണുകളിൽ മെല്‍ബണ്‍ റെനഗേഡ്സിനായി കളിച്ച താരമാണ് ഫിഞ്ച്. എട്ടാം സീസണിൽ റെനഗേഡ്സ് ബിഗ് ബാഷ് ചാമ്പ്യന്മാരായത് ഫിഞ്ചിന് കീഴിലാണ്. റെനഗേഡ്സിനായി കൂടുതൽ റൺസും ബിഗ് ബാഷ് ചരിത്രത്തിൽ ഉയർന്ന രണ്ടാമത്തെ റൺസ് നേടിയ താരവുമാണ് ഫിഞ്ച്. 3311 റൺസാണ് ബിഗ് ബാഷിൽ ഉടനീളം ഓസ്ട്രേലിൻ മുൻ താരം സ്കോർ ചെയ്തത്.
2022 അവസാനത്തോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഫിഞ്ച 2023 ഫെബ്രുവരിയില്‍ അന്താരാഷ്ട്ര വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു . 2021ലെ ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് കിരീടം നേടിനൽകിയതും ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിലാണ്.






