തിരുവനന്തപുരം; സംസ്ഥാനത്ത് 7 മെഡിക്കല്‍ കോളേജുകലില്‍ കൂടി എമര്‍ജന്‍സി മെഡിക്കല്‍ ആന്റ് ട്രോമാകയര് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.നിലവില്‍ കോട്ടയം , തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് എമര്‍ജന്‍സി മെഡിക്കല്‍ വിഭാഗമുള്ളത്. അംഗീകാരം ലഭിച്ച ബാക്കിയുള്ള മെഡിക്കല്‍ കോളേജുകളായ കൊല്ലം, കോന്നി, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മഞ്ചേരി എന്നിവിടങ്ങളിലാണ് എമര്‍ജന്‍സി മെഡിസിന് വിഭാഗം പുതിയതായി ആരംഭിക്കുന്നത്.
ഈ മെഡിക്കല്‍ കോളേജുകളില്‍ ഇതിനായി ഒരു അസോസിയേറ്റ് പ്രൊഫസര്‍, ഒരു അസിസ്റ്റന്റ് പ്രൊഫസര്‍, 2 സീനിയര്‍ റസിഡന്റ് തസ്തികകള്‍ വീതം സൃഷ്ടിച്ചട്ടുണ്ട്. ഇതിന് പുറമേ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ രണ്ട് വീതം സീനിയര്‍ റസിഡന്റുമാരുടെ തസ്തികകളും സൃഷ്ടിച്ചട്ടുണ്ട്.
സമയബന്ധിതമായി എല്ലാ മെഡിക്കല്‍ കോളേജുകളിലും എമര്‍ജന്‍സി മെഡിസിന് വിഭാഗം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.എമര്‍ജന്‍സി വിഭാഗം എല്ലാ മെഡിക്കല്‍ കോളേജുകളിലും വ്യാപിക്കുന്നത് അപകടത്തില്‍പ്പെട്ടോ മറ്റ് അസുഖങ്ങള്‍ ബാധിച്ചോ വരുന്നവര്‍ക്ക് ഗുണമേന്മയുള്ള അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി മെഡിക്കല്‍ കോളേജുകളില്‍ നടപ്പിലാക്കിയ ക്വാളിറ്റി മനേജ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ്.






