
ഹരിയാന മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അഞ്ഞൂറോളം വിദ്യാര്‍ത്ഥിനികളുടെ കത്ത്. കോളേജ് പ്രൊഫസറുടെ ലൈംഗിക ചൂഷണത്തില്‍ പൊറുതിമുട്ടിയെന്നും പരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ചൗധരി ദേവി ലാല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ക്കെതിരെ ഹരിയാനയില്‍ സിര്‍സയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളാണ് പരാതി നല്കിരിക്കുന്നത്.
വിദ്യാര്‍ത്ഥിനികള്‍ മുഖ്യമന്ത്രിക്ക് പുറമേ സര്‍വകലാശാല വൈസ് ചാന്‍സലര്‍ , ഹരിയാന ഗവര്‍ണര്‍ , ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്, ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്. പരാതിയുടെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. വിരമിച്ച ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത് പരാതികള്‍ അന്വേഷിപ്പിക്കണമെന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആവശ്യം.
വിദ്യാര്‍ത്ഥിനികളെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തുക, അവരെ ബാത്ത്റൂമിലേക്ക് വിളിച്ചുകൊണ്ട്പോയി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും മറ്റ് അശ്ലീല പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുക തുടങ്ങിയവയെല്ലാം പരാതിയില്‍ ആരോപിക്കുന്നു. പ്രതികരിക്കുമ്പോള്‍ മോശം പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിയുളളതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. മാസങ്ങളായി ഇത് നടന്നുവരികയാണെന്നും അധ്യാപകന് താനൊരു മാന്യനാണെന്ന വ്യാജ പ്രതിച്ഛായ സൃഷ്ടിച്ചാണ് ഇതൊക്കെ ചെയ്യുന്നതെന്നും കുട്ടികള്‍ ആരോപിക്കുന്നു. പരീക്ഷകളില്‍ നല്ല മാര്‍ക്ക് വാഗ്ദാനം ചെയ്ത് പരാതികള്‍ ഒതുക്കിത്തീര്‍ക്കാന്‍ വൈസ് ചാന്‍സലര്‍ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്.
പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.






