
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകള്‍ പാകിസ്താനെ ഭയപ്പെടുത്തിയെന്നു പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായിരുന്ന അജയ് ബിസാരിയ. ''ആങ്കര്‍ മാനേജ്മെന്റ്: ദ് ട്രബള്ഡ് ഡിാേമാറ്റിക് റിലേഷന്ഷിപ് ബിറ്റ്വീന് ഇന്ത്യ ആന്‍ഡ് പാകിസ്താന്'' എന്ന പുസ്തകത്തിലാണ് ബിസാരിയയുടെ വെളിപ്പെടുത്തല്‍.
ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്ത 2019 ഫെബ്രുവരിയിലെ സംഭവപരമ്പരകള്‍ ലോകത്തെത്തന്നെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു. ബാലാകോട്ട് സര്‍ജിക്കല്‍ സ്ട്രൈക്ക് മാത്രമല്ല, അഭിനന്ദന് വര്ധമാന് എന്ന വിങ് കമാന്‍ഡറെ ബന്ദിയാക്കിയ പാക് നീക്കവും സംഘര്‍ഷം കൊടുമ്പിരിക്കൊള്ളിച്ചു. വര്‍ധമാന്റെ മോചനം സാധ്യമാക്കിയ ഇടപെടലുകള്‍ ഇന്ത്യയുടെ യശസുയര്‍ത്തി. മിെസെലുകള്‍ വിന്യസിച്ചുള്ള ഇന്ത്യയുടെ സമ്മര്‍ദതന്ത്രത്തിലാണ് പാകിസ്താന് മുട്ടുമടക്കിയതെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
2019 ഫെബ്രുവരി 26 മുതല്‍ 28 വരെയുള്ള ദിവസങ്ങളിലായിരുന്നു നിര്‍ണായക സംഭവങ്ങള്‍ അരങ്ങേറിയത്. പാക് വ്യോമാക്രമണത്തിനു തിരിച്ചടി നല്‍കുന്നതിനിടെയാണ് അഭിനന്ദന് വര്ധമാന് ശത്രുപക്ഷത്തിന്റെ പിടിയിലാകുന്നത്. ഒരു പോറല്‍പോലും ഏല്ക്കാതെ വര്‍ധമാനെ തിരികെയെത്തിക്കണമെന്ന് ഇന്ത്യക്കു നിര്‍ബന്ധമുണ്ടായിരുന്നു. ചര്‍ച്ചകള്‍ക്കും സമ്മര്‍ദങ്ങള്‍ക്കുമൊടുവില്‍ ഇന്ത്യ ആഗ്രഹിച്ചതുപോലെ വര്‍ധമാനെ മോചിപ്പിക്കാനുള്ള തീരുമാനം അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ദേശീയ അസംബ്ലിയില്‍ പ്രഖ്യാപിച്ചു.
തീരുമാനം ഇന്ത്യയുടെ വിജയമായി വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍, മോചനം സാധ്യമാക്കിയ നീക്കങ്ങള്‍ ലോകത്തിന് അജ്ഞാതമായിരുന്നു. അതാണ് ഇപ്പോള്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. അന്ന് പാകിസ്താനിലെ ഇന്ത്യന്‍ െഹെക്കമ്മിഷണറായിരുന്ന അജയ് ബിസാരിയ. ആ മൂന്നു രാത്രികളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ പുസ്തകം.
വര്‍ധമാന്റെ മോചനത്തിനു വഴങ്ങാത്തപക്ഷം പാക്മണ്ണില്‍ വിനാശം വിതയ്ക്കാന്‍ പോന്ന ഒന്‍പത് മിെസെലുകള്‍ ഇന്ത്യ വിന്യസിച്ചിട്ടുണ്ടെന്ന വിവരം പുറത്തായതാണ് ഇമ്രാന്ഭരണകൂടത്തെയും െസെന്യത്തെയും സമ്മര്ദത്തിലാക്കിയതെന്നു പുസ്തകത്തില്‍ ബിസാരിയ പറയുന്നു.
ഉറക്കം നഷ്ടപ്പെട്ട പാക് ഭരണകൂടം അനുനയനീക്കത്തിനു നിര്‍ബന്ധിതരായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇമ്രാന് ഖാനും തമ്മില്‍ ചര്‍ച്ചയ്ക്കു വഴിയൊരുക്കണമെന്ന അഭ്യര്‍ഥനയുമായി ഉന്നതര്‍ തന്നെ സമീപിച്ചത് പാതിരാത്രിയിലായിരുന്നെന്ന് ബിസാരിയ ഓര്‍മിക്കുന്നു. ''രക്തച്ചൊരിച്ചിലിന്റെ രാത്രി''യെന്നു പ്രധാനമന്ത്രി മോദി പിന്നീട് വിശേഷിപ്പിച്ച ആ ദിവസം 2019 ഫെബ്രുവരി 27 നായിരുന്നു.
വര്ധമാന് പാകിസ്താനില്‍ തങ്ങിയ രണ്ടു രാത്രികളില്‍ ആദ്യത്തേതായിരുന്നു അത്. ഇസ്ലാമാബാദിലുണ്ടായിരുന്ന ഡല്‍ഹിയിലെ അന്നത്തെ പാകിസ്താന് െഹെക്കമ്മിഷണര് സൊെഹെല്‍ മഹ്മൂദാണ് അനുനയനീക്കത്തിനു ചുക്കാന്‍ പിടിച്ചത്. പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാന്‍ വഴിയൊരുക്കണമെന്ന ആവശ്യവുമായി അര്‍ധരാത്രിയോടെയാണു മഹ്മൂദിന്റെ ടെലിഫോണ്‍ കോള്‍ തനിക്കു ലഭിച്ചതെന്ന് ബിസാരിയ വെളിപ്പെടുത്തുന്നു.
ഉടന്‍ ഡല്‍ഹിയുമായി ബന്ധപ്പെട്ടെങ്കിലും െവെകിയവേളയില് മോദിയുമായി ബന്ധപ്പെടാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി. അടിയന്തരസന്ദേശങ്ങളുണ്ടെങ്കില് െഹെക്കമ്മിഷണറെ നേരിട്ട് അറിയിക്കാമെന്നു വ്യക്തമാക്കിയതോടെ ആ രാത്രി അങ്ങനെ അവസാനിച്ചു.
രണ്ടാം ദിവസം നീക്കങ്ങള്‍ക്കു ചടുലവേഗമായിരുന്നു. ഇന്ത്യയുമായുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വര്‍ധമാനെ മോചിപ്പിക്കുമെന്ന് പാകിസ്താന് പ്രഖ്യാപിച്ചു. പക്ഷേ, അതു സാധ്യമായത് ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന ബോധ്യത്തില്‍ പാക് ഭരണകൂടം പരിഭ്രാന്തരായതാണെന്ന പാശ്ചാത്യ വിലയിരുത്തലുകള്‍ ബിസാരിയയുടെ പുസ്തകം ശരിവയ്ക്കുന്നു.
അഭിനന്ദനെ മോചിപ്പിക്കാനുള്ള തീരുമാനം പാകിസ്താന് പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുമ്പോള്‍ നരേന്ദ്ര മോദിയെ വിളിക്കാന്‍ ശ്രമിച്ചിരുന്നതായി ഇമ്രാന് ഖാന് പറഞ്ഞു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. അഭിനന്ദനെ മോചിപ്പിച്ചത് സമാധാന, സൗഹൃദ നിലപാടുകളുടെ ഭാഗമായാണെന്നായിരുന്നു പാകിസ്താന്റെ വിശദീകരണം.
ഫെബ്രുവരി 26ന് നടന്ന സംഭവങ്ങള്‍ക്ക് ശേഷം യു.എസിന്റെയും ബ്രിട്ടന്റെയും നയതന്ത്രജ്ഞരില്‍ ചിലരെ പാകിസ്താന് തുടര്‍ച്ചയായി മൂന്നു തവണ വിളിപ്പിച്ചിരുന്നു. അഭിനന്ദനെ വെറുതെ വിടാന്‍ മാത്രമല്ല, പുല്‍വാമ ആക്രമണത്തില്‍ നടപടിയെടുക്കാനും പ്രശ്നം പരിഹരിക്കാനും പാകിസ്താന് തയാറാണെന്ന് ഇന്ത്യയെ അറിയിക്കാന്‍ അവര്‍ ആവശ്യപ്പെട്ടിരുന്നു.






