
കണ്ണൂര്‍: അദ്ധ്യാപകന്റെ കൈ വെട്ടിയ കേസിലെ ഒന്നാംപ്രതിയും പിടികിട്ടാപ്പുള്ളിയായി എന്‍ഐഎ തേടുകയും ചെയ്തിരുന്ന സവാദ് പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദിനെ കണ്ണൂരില്‍ നിന്നും എന്‍ഐഎ ആണ് പിടികൂടിയിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെ പിടിയിലായ സവാദിനെ ഇന്ന് വൈകിട്ട് കൊച്ചിയില്‍ ഹാജരാക്കും. കേസില്‍ 13 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ സവാദിന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു എന്‍ഐഎ.
അദ്ധ്യാപകനായ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതിയായിരുന്ന സവാദിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു കേരളാപോലീസും എന്‍ഐഎയും. കേസില്‍ ഒട്ടേറെ പ്രതികളെ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്ത ശേഷമാണ് സവാദ് പിടിയിലാകുന്നത്. സംഭവം നടന്ന് ആദ്യ ദിവസം മുതല്‍ സവാദ് ഒളിവിലായിരുന്നു. ഇയാള്‍ക്ക് വേണ്ടി വര്‍ഷങ്ങളായി തെരച്ചിലിലായിരുന്നു. സവാദിനെ കിട്ടാത്ത സാഹചര്യത്തില്‍ അയാള്‍ക്ക് വേണ്ടി പലപ്പോഴായി ലുക്കൗട്ട് നോട്ടീസും ലക്ഷങ്ങള്‍ ഇനാമും പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. കേസില്‍ സവാദ് ഒഴികെയുള്ള കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് പിടികൂടിയിരുന്നു.
കണ്ണൂരില്‍ നിന്നും പിടിയിലായ പ്രതിയെ ഇന്ന് വൈകിട്ട് കൊച്ചിയില്‍ ഹാജരാകും. രാജ്യത്തിനകത്തും പുറത്തുമായി ദേശീയ കുറ്റാന്വേഷകര്‍ വര്‍ഷങ്ങളായി സവാദിന് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു. ലോക്കല്‍ പോലീസിനെ അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു എന്‍ഐഎ നീക്കം. കൂടുതല്‍ വിവരം പുറത്തുവന്നിട്ടില്ല. 2010 ജൂലൈ 4 നായിരുന്നു തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ മലയാളവിഭാഗം അദ്ധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസ് ഉണ്ടായത്. സവാദായിരുന്നു കൈ വെട്ടിയെടുത്തത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി.






