
അമ്പലപ്പുഴ: ജീവനൊടുക്കിയ നെല്‍കര്‍ഷകന്റെ കുടുംബത്തിനു ജപ്തി നോട്ടീസും. തകഴി, കുന്നുമ്മ കാട്ടില്പറമ്പില് പ്രസാദിന്റെ ഭാര്യ ഓമനയ്ക്കാണു പട്ടികജാതി/വര്‍ഗ വികസന കോര്‍പറേഷനില്‍നിന്ന് ജപ്തി നോട്ടീസ് ലഭിച്ചത്. കൃഷി നടത്താന്‍ വായ്പയ്ക്കായി പല ബാങ്കുകള്‍ കയറിയിറങ്ങി നിരാശനായ പ്രസാദ് കഴിഞ്ഞ നവംബര്‍ 11-നാണ് ജീവനൊടുക്കിയത്.
കോര്‍പറേഷനില്‍നിന്ന് 2022 ഓഗസ്റ്റ് 27-ന് ഓമന എടുത്ത 60,000 രൂപ സ്വയംതൊഴില്‍ വായ്പ കുടിശികയായതോടെയാണു വീടും അഞ്ച് സെന്റ് സ്ഥലവും ജപ്തി നിഴലിലായത്. 15,000 രൂപയോളം തിരിച്ചടച്ചു. 11 മാസമായി തിരിച്ചടവ് മുടങ്ങി. 17,600 രൂപയുടെ കുടിശിക അഞ്ചുദിവസത്തിനകം അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്നു കോര്പറേഷന് ആലപ്പുഴ ജില്ലാ ഓഫീസില്‍നിന്ന് അയച്ച നോട്ടീസില്‍ പറയുന്നു.
പ്രസാദ് മരിച്ച് മൂന്നാംനാള്‍ പുറപ്പെടുവിച്ച നോട്ടീസ് കുടുംബത്തിനു ലഭിച്ചതു രണ്ടുദിവസം മുമ്പാണ്. പാട്ടത്തിനെടുത്ത മൂന്നര ഏക്കറില്‍ വളമിടാന്‍ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനേത്തുടര്ന്നാണു പ്രസാദ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. പ്രസാദിന്റെ മരണത്തിനു മുമ്പ് ഓമന തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിക്കു പോയിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് ഇപ്പോള്‍ കുടുംബം കഴിയുന്നത്.






