ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിലേയനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും എം.പിയുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റേിന്റെ (ഇ.ഡി) കുരുക്ക്. ഇ.ഡി നല്കിയ നോട്ടീസ് പ്രകാരം കള്ളപ്പണക്കേസില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഫാറൂഖ് അബ്ദുള്ള ഹാജരാകണം. ശ്രീനഗറിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാനാണ് 86 കാരനായ ഫാറൂഖ് അബ്ദുള്ളയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
2001 മുതല്‍ 2012 വരെയാണ് ഫാറൂഖ് അബ്ദുള്ള ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്നത്. ഈ കാലഘട്ടത്തില്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് അസോസിയേഷനിലെ ഭാരവാഹികള്‍ അടക്കം പലരുടേയും സ്വകാര്യ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്നാണ് കേസ്. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. മുന്‍ മുഖ്യമന്ത്രി കൂടിയായ ഫാറൂഖ് അബ്ദുള്ള അസോസിയേഷന് പ്രസിഡന്റ് എന്ന നിലയില്‍ തന്റെ പദവി ദുരുപയോഗിച്ചുവെന്നും അസോസിയേഷനില്‍ അനധികൃതമായ നിയമനങ്ങള്‍ നടത്തി ബിസിസിഐ നല്കിയ ഫണ്ട് വകമാറ്റിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യമിടുന്ന പ്രതിപക്ഷ നിരയിലെ ഒടുവിലത്തെ നേതാവാണ് അബ്ദുള്ള. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തുടങ്ങിയവരും ഇ.ഡിയുടെ കുരുക്കിലാണ്. മണല്‍ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് സോറനെ കുരുക്കിയതെങ്കില്‍ ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടാണ് കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.






