
ന്യൂഡല്‍ഹി : ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം പതിപ്പിലെ മുഴുവന്‍ മത്സരങ്ങളും ഇന്ത്യയില്‍ തന്നെ നടത്താന്‍ ആലോചന. പൊതു തിരഞ്ഞടുപ്പ് നടക്കുന്ന വേളയില്‍ മിതയായ സുരക്ഷയൊരുക്കാനാവാത്ത സാഹചര്യത്തില്‍ മത്സരം മറ്റൊരു വേദിയിലേയക്ക് മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജ്യത്ത് തന്നെ നടത്താന്‍ സാധിക്കുമെന്ന് ബി സി സിഐ അധികൃതര്‍ പരിശോധിക്കുന്നത്.
ഐപിഎല്‍ 17-ാം പതിപ്പ് മാര്‍ച്ച് 22 മുതല്‍ തുടങ്ങാനാണ് തീരുമാനം. മാര്‍ച്ച് -ഏപ്രിലിലാകും ലോക്സഭ തിരഞ്ഞെടുപ്പ്. ഏതെങ്കിലും സംസ്ഥാനത്തിന് ഐപിഎല്‍ വേദിയാകാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ മാത്രം മറ്റൊരു വേദിയെ കുറിച്ച് ചിന്തിക്കാമെന്നാണ് ബിസിസിഐ അധികൃതര്‍ വ്യക്തമാക്കുന്നത്.
അതേ സമയം ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യയക്ക് പുറത്താണ് മത്സരം സംഘടിപ്പിച്ചത്. യുഎഇ , ദക്ഷിണാഫ്രിക്ക അടക്കമുളള രാജ്യങ്ങള്‍ ഐപിഎല്‍ വേദിയായിരുന്നു. ജൂൺ ഒന്ന് മുതൽ ട്വന്റി 20 ലോകകപ്പ് ആരംഭിക്കുകയാണ്. ഇതിന് മുമ്പായി ഐപിഎൽ മത്സരങ്ങൾ അവസാനിക്കേണ്ടതുണ്ട്. വനിതാ ഐപിഎല്ലിന്റെ രണ്ടാം പതിപ്പും പുരുഷ ഐപിഎൽ മത്സരങ്ങൾക്ക് മുമ്പായി നടത്തണം.
കഴിഞ്ഞ മാസം ദുബായിൽ നടന്ന ഐപിഎൽ താരലേലത്തിൽ മികച്ച റേറ്റിംഗ് ആണ് ലഭിച്ചത്. 22.8 മില്യൺ ആളുകൾ ഇത്തവണ താരലേലം കണ്ടു. 2022നേക്കാൾ 57 ശതമാനം വർദ്ധനവാണ് താരലേലത്തിന്റെ റേറ്റിംഗിൽ ഉണ്ടായത്.





