
ലോക ബാങ്കിന്റെ സഹായത്തോടെ സംസ്ഥാനത്തെ നഗരപ്രദേശങ്ങളില്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്ത് ആ സ്ഥലം വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന പ്രവര്‍ത്തനവുമായി കേരള ഖരമാലിന്യ പരിപാലന പദ്ധതി . നഗരസഭയ്ക്ക് സ്ഥിരമായി മാലിന്യം തള്ളുന്ന സ്ഥലം വീണ്ടെടുത്ത് പ്രയോജനപ്പെടുത്താവുന്നതാക്കി മാറ്റുന്നതാണ് ഈ പദ്ധതി. 20 നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുക. 12 നഗരസഭകളില്‍ ആദ്യഘട്ടവും രണ്ടാംഘട്ടത്തില്‍ എട്ട് നഗരസഭകളിലുമയാണ് പദ്ധതി നടപ്പാക്കുന്നത്. 100 കോടി രൂപയാണ് പദ്ധതിക്ക് ആകെ പ്രതീക്ഷിക്കുന്ന ചെലവ്. ഡമ്പ് സൈറ്റ് റമഡിയേഷനിലൂടെ 60 ഏക്കര്‍ സ്ഥലമാണ് വീണ്ടെടുക്കാനാകുകയെന്ന് കെഎസ് ഡബ്ല്യുഎംപി അറിയിച്ചു.
ആദ്യഘട്ടത്തില്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത് കൊട്ടാരക്കര, കായംകുളം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കോതമംഗലം, വടക്കന്‍ പറവൂര്‍, കളമശ്ശേരി, കല്‍പ്പറ്റ, വടകര, ഇരിട്ടി, കൂത്തുപറമ്പ്, കാസര്‍ഗോഡ് എന്നീ 12 നഗരങ്ങളാണ് . മാവേലിക്കര, കോട്ടയം, ചാലക്കുടി, കുന്നംകുളം, വടക്കാഞ്ചേരി, പാലക്കാട്, മലപ്പുറം, മഞ്ചേരി നഗരസഭകളില്‍ രണ്ടാം ഘട്ടത്തിലും പദ്ധതി നടപ്പാക്കും.
അതതു സ്ഥലത്തു വച്ചു മാലിന്യം യന്ത്രസഹായത്തോടെ നീക്കം ചെയ്ത് ജൈവ, അജൈവ മാലിന്യങ്ങളായി വേര്‍തിരിക്കുകയും അവ വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കുകയും ചെയ്യുന്ന ഡമ്പ് സൈറ്റ് റമഡിയേഷന്‍ ബയോ മൈനിംഗ് പ്രക്രിയയാണ് പദ്ധതിക്കായി പ്രയോജനപ്പെടുത്തുന്നത്.






