
തിരുവനന്തപുരം : കരിമണല്‍ കമ്പനിയായ സി.എം.ആര്.എലില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയും അവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷന്‍സും 1.72 കോടി രൂപ വാങ്ങിയതെന്തിനെന്നു രേഖയില്ലെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ (ആര്.ഒ.സി) നിര്‍ണായക റിപ്പോര്‍ട്ട്. പണം വാങ്ങിയതെന്തിനെന്നു വ്യക്തമാക്കുന്ന ഒരുരേഖയും ഹാജരാക്കാന്‍ എക്സാലോജിക്കിനു കഴിഞ്ഞില്ലെന്ന് ആര്.ഒ.സി. ബംഗളുരു യൂണിറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സേവനത്തിനു പ്രതിഫലമായി സി.എം.ആര്.എലില്‍നിന്നു വാങ്ങിയ തുകയ്ക്കു ജി.എസ്.ടി. അടച്ചെന്ന വിവരം മാത്രമാണ് എക്സാലോജിക് െകെമാറിയത്. തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍പ്രകാരം എക്സാലോജിക്കിനെതിരേ നടപടിയെടുക്കാമെന്നും പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇടപാട് സംബന്ധിച്ച് കേന്ദ്ര കോര്‍പറേറ്റ് കാര്യമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്.
സി.എം.ആര്.എലും എക്സാലോജിക്കുമായുള്ള ഇടപാട് അടിമുടി ദുരൂഹമാണെന്ന് ആര്.ഒ.സി. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സോഫ്റ്റ്വേര്‍ സേവനമാവശ്യപ്പെട്ട് സി.എം.ആര്.എല്‍. പരസ്യം നല്‍കിയതിനു തെളിവില്ല. ഇടപാടിന് മുമ്പോ ശേഷമോ സ്ഥാപനങ്ങള്‍ തമ്മില്‍ നടത്തിയ ആശയവിനിമയത്തിന്റെ രേഖകള്‍ സമര്‍പ്പിച്ചില്ല. സേവനം സംബന്ധിച്ച കരാര്‍ ഹാജരാക്കാന്‍ ഇരുസ്ഥാപനങ്ങള്‍ക്കും കഴിഞ്ഞില്ല. കിട്ടിയ പണത്തിനു ജി.എസ്.ടി. അടച്ചെന്നു മാത്രമാണ് ആര്.ഒ.സിക്ക് എക്സാലോജിക് നല്കിയ മറുപടി. പണം കിട്ടിയതെന്തിനെന്നു വ്യക്തമാക്കുന്ന ഒരു തെളിവും ഹാജരാക്കിയില്ല.
കമ്പനീസ് ആക്ട് 2013 പ്രകാരം തട്ടിപ്പ് (വകുപ്പ് 447), രേഖകളില്‍ കൃത്രിമം (വകുപ്പ് 448) എന്നീ കുറ്റങ്ങള്‍ക്ക് എക്സാലോജിക്കിനെതിരേ നടപടിയെടുക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടുതല്‍ അന്വേഷണത്തിനായി എക്സാലോജിക്കിന്റെയും സി.എം.ആര്.എലിന്റെയും കണക്കുകള്‍ പരിശോധിക്കണം. സി.എം.ആര്.എല്‍. സര്‍ക്കാരിന് ഓഹരിയുള്ള കമ്പനിയാണ്. പ്രാഥമികാന്വേഷണത്തില്‍ത്തന്നെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനാല്‍ വിശദാന്വേഷണം വേണമെന്നാണ് ആര്.ഒ.സി. നിലപാട്.
നല്‍കാത്ത സേവനത്തിനാണ് എക്സാലോജിക് പണം െകെപ്പറ്റിയതെന്ന ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവിലെ കണ്ടെത്തലുകള്തന്നെയാണ് ആര്.ഒ.സി. റിപ്പോര്‍ട്ടിലുമുള്ളത്. എക്സാലോജിക്കിന്റെ ഭാഗം കേള്‍ക്കാതെയാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ന്യായീകരണം. എന്നാല്‍, വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടും എക്സാലോജിക് ഒരു രേഖയും ഹാജരാക്കിയില്ലെന്ന് ആര്.ഒ.സി. റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.






