
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കു സജീവമായി കടക്കും മുന്‍പേ സി.പി.ഐയില്‍ സ്ഥാനാര്‍ഥി വിവാദം. ആനി രാജയുടെ പേരു തള്ളി മന്ത്രി ജി.ആര്. അനില്‍ രംഗത്ത് എത്തിയതായി സൂചന.
തിരുവനന്തപുരത്ത് ആനി രാജ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ വാര്‍ത്ത വന്നതിലാണ് മന്ത്രി അനില്‍ സംസ്ഥാന എക്സിക്യൂട്ടിവില്‍ വിമര്‍ശനമുയര്‍ത്തിയത്. അതേസമയം, ഇത്തരം സംഭവങ്ങള്‍ ആദ്യമായിട്ടല്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യോഗത്തില്‍ അറിയിച്ചു. ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കണമെന്നും സംസ്ഥാന എക്സിക്യൂട്ടീവില്‍ ആവശ്യമുയര്‍ന്നു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മാറിയ ട്രെന്‍ഡ് മനസിലാക്കി സ്ഥാനാര്‍ഥിനിര്‍ണയം വേഗത്തിലാക്കണം. സ്ഥാനാര്‍ഥികള്‍ക്ക് മുന്‍കൂട്ടി പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കണമെന്ന് രാജാജി മാത്യു തോമസ് ആവശ്യപ്പെട്ടു.
സി.പി.ഐ. മത്സരിക്കുന്ന തിരുവനന്തപുരത്ത്, കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ നേരിടാന്‍ ആനി രാജ എത്തുമെന്നാണ് വാര്‍ത്ത. എന്നാല്‍, സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നിരിക്കെ, ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ മന്ത്രി ജി.ആര്. അനില്‍ അതൃപ്തി പ്രകടിപ്പിച്ചു. പാര്‍ട്ടി തീരുമാനിക്കുംമുമ്പേ സ്ഥാനാര്‍ഥികളുടെ പേര് മാധ്യമങ്ങളില്‍ വരുന്നതെങ്ങനെ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
മാധ്യമങ്ങളില്‍ നടക്കുന്ന ഇത്തരം ചര്‍ച്ചകള്‍ പാര്‍ട്ടിക്കു തീരുമാനമെടുക്കാനാവാത്ത സ്ഥിതിയുണ്ടാക്കുമെന്ന് അദ്ദേഹം പറയുന്നു. മുന്‍ എം.എല്‍.എ.കൂടിയായ ഒരു വനിതാ നേതാവിനെ പരിഗണിക്കണമെന്നാണ് മന്ത്രി അനില്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നത്.






