
ന്യുഡല്ഹി: ബില്ക്കിസ് ബാനു കേസില് പ്രതികള് ഗുജറാത്തിലെ ജയിലില് കീഴടങ്ങി. 2002ലെ കലാപത്തിനിടെ ബില്ക്കിസ് ബാനുവിനെ കൂടട്ബലാത്സംഗം ചെയ്ത കേസില് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും അടുത്തകാലത്ത് ജയിലില് നിന്ന് മോചിപ്പിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത സമര്പ്പിച്ച ഹര്ജിയില് സുപ്രീം കോടതി നല്കിയ അന്ത്യശാസനം അവസാനിക്കാനിരിക്കേയാണ് പ്രതികള് പഞ്ചമഹലിലെ ഗോധ്ര സബ് ജയിലില് കീഴടങ്ങിയത്.
ഞായറാഴ്ച അര്ദ്ധരാത്രിയോടെയാണ് പ്രതികള് കീഴടങ്ങിയതെന്ന് ലോക്കല് ക്രൈംബ്രാഞ്ച് ഇന്സ്പെക്ടര് എന്എല് ദേശായി പറഞ്ഞു.
2022ലെ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ടാണ് പ്രതികളെ സര്ക്കാര് വിട്ടയച്ചത്. ഇത് ചോദ്യം ചെയ്ത് ബില്ക്കിസ് ബാനു സുപ്രീം കോടതിയെ സമീപിക്കുകയും പ്രതികളോട് 2024 ജനുവരി 21നകം കീഴടങ്ങാന് ജനുവരി എട്ടിന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. കൂടുതല് സാവകാശം തേടി പ്രതികള് വെള്ളിയാഴ്ച കോടതിയെ സമീപിച്ചെങ്കിലൂം ഹര്ജി തള്ളിക്കളയുകയായിരുന്നു.
ആരോഗ്യപ്രശ്നങ്ങളും ശസ്ത്രക്രിയ നടത്തണമെന്നും കുടുംബത്തിലെ വിവാഹ ചടങ്ങുകളും വിളവെടുപ്പ് ജോലികളും അടക്കം നിരവധി കാരണങ്ങളാണ് കീഴടങ്ങുന്നതിന് സാവകാശം തേടാന് പ്രതികള് ചൂണ്ടിക്കാട്ടിയത്. ബകഭായ് വോഹനിയ, ബിപിന് ചന്ദ്ര ജോഷി, കേസര്ഭായ് വോഹനിയ, ഗോവിന്ദ് നായ്, യശ്വന്ത് നായ്, മിതേഷ് ഭട്ട്, പ്രദീപ് മോര്ദിയ, രാധേശ്യം ഷാ, രാഹുഭായ് സോനി, രമേശ് ചന്ദന, ഷൈലേഷ് ഭട്ട് എന്നിവരാണ് കീഴടങ്ങിയത്.
കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള് ബില്ക്കിസ് ബാനുവിന് 21 വയസ്സായിരുന്നു പ്രായം. അഞ്ച് മാസം ഗര്ഭിണിയായിരുന്നു.







Comments