
കൊച്ചി: കല്ലട ജലസേചനപദ്ധതി 1986-ല്‍ പൂര്‍ത്തിയായിട്ടും നിര്മാണക്കരാറുകാര്ക്കു കൊടുക്കാനുള്ളതു കോടികള്‍. പിഴയും പലിശയുമടക്കം വര്‍ഷങ്ങള്‍ക്കു മുമ്പ് ആര്ബിട്രേഷനില് തീര്‍പ്പാക്കിയ തുകയാണിത്. ആര്ബിട്രേഷന് ഉത്തരവുകള്‍ സര്‍ക്കാരിന് അസാധുവാക്കാനാവില്ലെന്ന സുപ്രീം കോടതി ഉത്തരവ് കീറാമുട്ടിയായതോടെ മറ്റ് പദ്ധതികളെയും ബാധിക്കുമെന്ന ആശങ്കയില്‍ ജലസേചനവകുപ്പ്.
ആര്ബിട്രേഷനില് തീര്‍പ്പാക്കിയ തുക നല്‍കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ 1998-ല്‍ നിയമം പാസാക്കിയിരുന്നു. എന്നാല്‍, ഇത് ജുഡീഷ്യല്‍ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി അസാധുവാക്കി. കല്ലട ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ കരാറുകാര്‍ക്കു കൊടുക്കാനുള്ള കുടിശിക പലിശയടക്കം ഭീമമായതോടെയാണ് ആര്ബി്രടേഷന് ഉത്തരവുകള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്കുന്ന നിയമം പാസാക്കിയത്. അത് സുപ്രീം കോടതി അസാധുവാക്കിയതോടെ കുടിശിക കൊടുത്തുതീര്‍ക്കേണ്ട ബാധ്യതയിലായി ജലസേചനവകുപ്പ്.
ആര്ബിട്രേഷന് തീരുമാനം നടപ്പാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി കരാറുകാര്‍ കോടതിയെ സമീപിക്കുന്നതും തലവേദനയാണ്. കല്ലട കേസിലെ ഉത്തരവ് മറ്റ് പദ്ധതികളിലും ബാധകമാകുമോയെന്ന കാര്യത്തില്‍ ജലസേചനവകുപ്പ് നിയമോപദേശം തേടി. സര്‍ക്കാരും കരാറുകാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇരുകക്ഷികളും സമ്മതിച്ചാണു കോടതിയുടെ അനുമതിയോടെ ആര്‍ബിട്രേറ്ററെ നിയോഗിച്ച് ഒത്തുതീര്‍പ്പിലെത്തുന്നത്. അതിനാല്‍, തീരുമാനം പിന്നീട് കോടതിയില്‍ ചോദ്യംചെയ്താലും ഫലമില്ല.
ഇതേത്തുടര്‍ന്നാണ് ആര്‍ബിട്രേറ്ററുടെ ഉത്തരവ് മറികടക്കാന്‍ നിയമം കൊണ്ടുവന്നത്. അത് െഹെക്കോടതിയും പിന്നീട് സുപ്രീം കോടതിയും തള്ളിക്കളഞ്ഞു. ലോകബാങ്കിന്റെ സഹായത്തോടെ 1961-ലാണ് കല്ലട പദ്ധതി നിര്‍മാണമാരംഭിച്ചത്. 13.28 കോടി രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതിക്ക് ഇതുവരെ ചെലവായത് 800 കോടിയിലധികം രൂപ!






