
രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിന്റെ മുന്നണിപ്പോരാളി എന്ന് വിലയിരുത്തപ്പെട്ടിരുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎയിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്.
രാജ്യത്ത് മൂന്നാം തുടര്‍ഭരണം സ്വപ്നം കാണുന്ന ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് എതിരെയുളള രാഷ്ട്രീയ പരീക്ഷണമാണ് ഇന്ത്യാ മുന്നണി. ഇന്ത്യാ മുന്നണിക്കൊപ്പം നിലവില്‍ 28 രാഷ്ട്രീയ പാര്‍ട്ടികളാണുളളത് . ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നേതാവുമായ നിതീഷ് കുമാര്‍ 2024 ലോക്സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഇന്ത്യാ മുന്നണി രൂപീകരിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന നേതാക്കളിലൊരാളാണ്. എന്നാലിപ്പോള്‍ ഇന്ത്യാ മുന്നണിയെ പ്രതിസന്ധിയിലാക്കി നിതീഷ് മറുകണ്ടം ചാടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്.
543 ലോക്സഭ സീറ്റുകളില്‍ 142 എണ്ണമാണ് നിലവില്‍ ഇന്ത്യാ മുന്നണിയില്‍പ്പെട്ട പാര്‍ട്ടികള്‍ക്ക് കൈവശമുള്ളത്. ഇതില്‍ 16 സീറ്റുകളാണ് ജെഡിയുവിനുള്ളത്. പാര്‍ട്ടികളുടെ പട്ടിക നോക്കിയാല്‍ നിലവില്‍ ലോക്സഭയില്‍ അംഗങ്ങളുടെ എണ്ണത്തില്‍ ബിജെപിക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും വൈഎസ്ആര്‍ കോണ്‍ഗ്രസിനും ശിവസേനയ്ക്കും പിന്നില്‍ ഏഴാമതാണ് ജെഡിയുവിന്റെ സ്ഥാനം. ബിഹാറിലാണ് പ്രധാനമായും ജെഡിയുവിന് കൂടുതല്‍ കരുത്തുള്ളത്. ബിഹാറില്‍ ഒറ്റയ്ക്ക് വിജയം നേടാനാവില്ലെങ്കിലും ലോക്സഭ ഫലം നിര്‍ണായിക്കുന്നതില്‍ ഏറ്റവും നിര്‍ണായകമാവാനുള്ള കഴിവ് ജെഡിയുവിനുണ്ട്. ഇത് ഇന്ത്യാ സഖ്യത്തിന് തിരിച്ചടി നല്കുന്ന ഘടകമാണ്.






