
കൊച്ചി: പ്രധാനമന്ത്രിയെയും ബിജെപി സര്‍ക്കാരിനെയും ആക്ഷേപിക്കുന്നു എന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഹൃസ്വനാടകം വിവാദത്തില്‍.
നാടകത്തെ തുടര്‍ന്ന് അസിസ്റ്റന്റ് രജിസ്ട്രാറെയും കോര്‍ട്ട് കീപ്പറെയും ഹൈക്കോടതി ചീഫ് ജസ്റ്റീസ് സസ്പെന്റ് ചെയ്തു. ഇന്നലെ നടന്ന നാടകത്തെക്കുറിച്ച് പരാതി നല്‍കിയത് ഹൈക്കോടതിയിലെ ബിജെപി അനുകൂല അഭിഭാഷകരാണ് പരാതി നല്‍കിയതെന്നാണ് സൂചന.
നാടകത്തില്‍ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചതായി ലീഗല്‍ സെല്ലും ഭാരതീയ അഭിഭാഷക പരിക്ഷത്തും പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ഹൈക്കോടതി ചീഫ് ജസ്റ്റീസ് എന്നിവര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
വെറും ഒമ്പത് മിനിറ്റുകള്‍ മാത്രം നീണ്ടു നിന്ന നാടകത്തില്‍ ''വണ്‍ നേഷന്‍, വണ്‍ വിഷന്‍, വണ്‍ ഇന്ത്യ'' എന്ന നാടകത്തില്‍ തൃശൂരില്‍ പ്രധാനമന്ത്രി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ നടത്തിയ പ്രസംഗത്തില്‍ ഉപയോഗിച്ച 'മോദി ഗ്യാരന്റി' എന്ന പദത്തെ പരിഹസിക്കുന്ന ചില സംഭാഷണങ്ങള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കപ്പെട്ടതായി ആരോപണമുണ്ട്. പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതികളെയും കേന്ദ്ര പദ്ധതികളെയും സ്വാതന്ത്ര്യത്തിന്റെ അമൃതവര്ഷാഘോഷത്തെയും നാടകത്തില്‍ അധിക്ഷേപിച്ചതായും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
നാടകത്തിന്റെ സംഭാഷണം എഴുതിയ അസിസ്റ്റന്റ് റജിസ്ട്രാര്‍ ടി.എ.സുധീഷ്, കോര്‍ട്ട് കീപ്പര്‍ പി.എം.സുധീഷ് എന്നിവര്‍ക്ക് എതിരേയാണ് നടപടിയെടുത്തത്. ഹൈക്കോടതി ജീവനക്കാരും അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ ജീവനക്കാരും ക്ലാര്‍ക്കുമാരും ചേര്‍ന്നായിരുന്നു നാടകം നടത്തിയത്.






