ഇസ്ലാമാബാദ്: തൊഷഖാന അഴിമതി കേസില്‍ പാകിസ്താന് മുന്‍ പ്രധാനമന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന് ഖാനും ഭാര്യ ബുഷ്ര ബിബിക്കും 14 വര്‍ഷം തടവുശിക്ഷ. ഔദ്യോഗിക പദവിയിലിരിക്കേ ലഭിച്ച പാരിതോഷികങ്ങള്‍ സര്‍ക്കാര്‍ ട്രഷറിയില്‍ ഏല്പിക്കുന്നതിനു പകരം മറിച്ചുവിറ്റ് പണം സമ്പാദിച്ചുവെന്ന കുറ്റത്തിനാണ് ശിക്ഷ. കൂടാതെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ 10 വര്‍ഷം വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേസില്‍ ഇമ്രാനും ഭാര്യയും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ അഞ്ച് വര്‍ഷത്തേക്ക് മത്സരിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വിലക്കുകയും ചെയ്തിരുന്നു. 2022 ഓഗസ്റ്റിലാണ് തൊഷഖാന അഴിമതി പുറത്തുവരുന്നത്.
ഔദ്യോഗിക രഹസ്യങ്ങള്‍ പരസ്യപ്പെടുത്തിയെന്ന കേസില്‍ കഴിഞ്ഞ ദിവസം 10 വര്‍ഷത്തെ തടവുശിക്ഷ ഇമ്രാന് ഖാന് വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തൊഷഖാന കേസിലും ശിക്ഷ. പാകിസ്താനില്‍ ഫെബ്രുവരി എട്ടിന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഇമ്രാന് ഖാനും തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടിക്കും തിരിച്ചടി നല്‍കികൊണ്ട് വിധി വരുന്നത്.






