
കൊച്ചി : കൊല്ലം പറവൂര്‍ മുന്‍സിഫ് കോടതി അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയരായ കൊല്ലം പ്രോസിക്യൂഷന് ഡപ്യൂട്ടി ഡയറക്ടര്‍ അബ്ദുൽ ജലീല്‍, പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ആര്.ശ്യാംകൃഷ്ണ എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
നിയമസഭയിൽ ജി.എസ്.ജയലാലിന്റെ സബ്മിഷനുള്ള മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. അസി.കമ്മിഷണറുടെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അനീഷ്യയുടെ ഡയറിക്കുറിപ്പിലെയും ശബ്ദരേഖയിലെയും ആരോപണങ്ങളെക്കുറിച്ച് ശാസ്ത്രീയ പരിശോധന നടത്തും. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുന്നതിനു ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞമാസം 22 നാണ് അനീഷ്യയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി സമ്മര്‍ദ്ദമാണ് കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ആത്മഹത്യയ്ക്ക് മുന്‍പ് അനീഷ്യ സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശങ്ങളില് ജോലിയില്‍ നേരിട്ടിരുന്ന സമ്മര്‍ദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. അവധിയെടുത്ത് കേസുകളില്‍ നിന്നും വിട്ടു നില്ക്കാന് സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചെന്ന ഗുരുതര ആരോപണവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ പാര്‍ട്ടിയാണ് ഭരിക്കുന്നതെന്നും സ്ഥലം മാറ്റുമെന്നും ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്നും ഭീഷണി ഉണ്ടായെന്ന് അനീഷ്യ ഡയറിയില്‍ എഴുതിയിരുന്നത് സംബന്ധിച്ച വാര്‍ത്തകളും പുറത്ത് വന്നിരുന്നു.
നേരത്തേ പോലീസ് അന്വേഷണത്തില്‍ കുടുംബം അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിലേക്ക് എത്തിയത്. ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനും സഹപ്രവര്‍ത്തകനായ അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടര്‍ക്കും എതിരേ ആരോപണം ഉയര്‍ത്തിയിട്ടും ഡയറിയും ശബ്ദസന്ദേശവും കിട്ടിയിട്ടും പോലീസ് അന്വേഷണം ഇവരിലേക്ക് എത്തിയില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. വീട്ടുകാരുടെ എതിര്‍പ്പിനെയും വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന പ്രതിഷേധത്തെയും തുടര്‍ന്നായിരുന്നു കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.






