
വയനാട്: മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ തണ്ണീർകൊമ്പനെ മയക്കുവെടിവെച്ചു. രണ്ടു തവണയാണ് ആനയ്ക്കു നേരെ വെടിയുതിർത്തത്. വെടിയേറ്റ ആന അനങ്ങാതെ നിൽക്കുകയാണ്. മൂന്ന് കുങ്കിയാനകളെ ഉടന്‍ തന്നെ ആനയ്ക്ക് സമീപത്ത് എത്തിക്കും. ഇവിടെ നിന്ന് ആനയെ ബന്ദിപ്പുർ വനമേഖലയിക്കാണു മാറ്റുക.
വെറ്ററിനറി സർജൻ അജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. ദൗത്യസംഘത്തിൽ മൂന്ന് കുങ്കിയാനകളും ഉണ്ടായിരുന്നു. അജീഷിനോടൊപ്പം 100 പേർ ദൗത്യസംഘത്തിൽ ഉണ്ടായിരുന്നു. ജനവാസ കേന്ദ്രമായതിനാലും ആന വാഴത്തോട്ടത്തിലൂടെ സഞ്ചരിച്ചതുമാണ് ദൗത്യം തടസപ്പെടാനും, വൈകാനും കാരണമായത്.
ആനയെ പിടികൂടി ബന്ദിപ്പൂർ വനത്തിൽ തുറന്നുവിടാൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.ജയപ്രസാദ് ഉത്തരവിട്ടിരുന്നു.പിന്നാലെയാണ് ആനയെ മയക്കുവെടി വയ്ക്കാനുള്ള നീക്കം തുടങ്ങിയത്. നോർത്ത് വയനാട് ഡിവിഷനിലെ ബേഗൂർ റെയ്ഞ്ചിൽ തലപ്പുഴയിൽ ഇന്നലെ രാത്രിയോടുകൂടി മൂന്ന് ആനകൾ ജനവാസകേന്ദ്രത്തിൽ എത്തിയിരുന്നുവെന്ന് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവിൽ പറയുന്നു.






