
ഇസ്ലാമാബാദ് : പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷറ ഖാനും ഏഴു വർഷം തടവു ശിക്ഷ. ഇസ്ലാമിക നിയമം ലംഘിച്ച് 2018ൽ വിവാഹിതരായതിനാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം ഔദ്യോഗിക രേഖകൾ പരസ്യമാക്കിയ കേസിലും ഇമ്രാൻ ഖാനെ 10 വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചിരുന്നു.
മുൻ ഭര്‍ത്താവിൽനിന്ന് വിവാഹമോചനം നേടിയ ബുഷറ, ഇസ്ലാമിക നിയമപ്രകാരം അടുത്ത വിവാഹത്തിനുള്ള കാലയളവ് പൂർത്തീകരിച്ചില്ലെന്നാണ് കേസ്. 2018 ജനുവരിയിൽ സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
ഇമ്രാൻ ഖാനെതിരെ ഇത് നാലാമത്തെ കോടതി ശിക്ഷവിധിയാണ് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ഇമ്രാന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 10 വർഷം വിലക്കും 787 ദശലക്ഷം പാകിസ്ഥാനി രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസിൽ ഇന്നലെ 10 വർഷം തടവിനും ശിക്ഷിച്ചിരുന്നു.
യുഎസ് എംബസി അയച്ച നയതന്ത്ര രേഖ 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ ഇമ്രാൻ ഉയർത്തി കാട്ടിയിരുന്നു. ഈ രേഖ രഹസ്യ സ്വഭാവം ഉള്ളതായിരുന്നു എന്നതാണ് കേസിന്റെ അടിസ്ഥാനം. കഴിഞ്ഞ ഓഗസ്റ്റിൽ അറസ്റ്റിലായ ഇമ്രാൻ ഇപ്പോൾ ജയിലിലാണ്.






