
ആലപ്പുഴ: കായംകുളത്ത് സിപിഐഎമ്മിനുള്ളിലെ വിഭാഗീയത തുടരുന്നതിനിടെ ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷനെതിരായ ആരോപണങ്ങൾ ആവർത്തിച്ച് എതിർപക്ഷം. ഏരിയ സെക്രട്ടറിയുടെ പ്രതികരണങ്ങളെ വെല്ലുവിളിച്ചാണ് ഒരു വിഭാഗം വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. ഇത്തവണയും കായംകുളത്തിന്റെ വിപ്ലവമെന്ന ഫേസ്ബുക്ക് പേജിലൂടെയാണ് അരവിന്ദാക്ഷൻ വിരുദ്ധർ ആരോപണങ്ങളും വെല്ലുവിളിയും ഉയർത്തിയിരിക്കുന്നത്.
കായംകുളത്തിന്റെ് വിപ്ലവമെന്ന ഫേസ്ബുക്ക് പേജ് പോസ്റ്റ്.
സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിച്ച പി അരവിന്ദാക്ഷനെ വെല്ലുവിളിച്ചാണ് കായംകുളത്തിന്റെ വിപ്ലവം പേജിലെ പുതിയ പോസ്റ്റ്. ആരോപണങ്ങൾ അക്കമിട്ടു നിരത്തുന്ന പോസ്റ്റിലൂടെ ഇവ തെറ്റാണെന്ന് തെളിയിക്കാൻ ധൈര്യമുണ്ടോയെന്നും സിപിഐഎം ഏരിയ സെക്രട്ടറിയോട് എതിർ വിഭാഗം ചോദിക്കുന്നുണ്ട് .
വിവിധ അഴിമതികളിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു. സഹകരണ ബാങ്കിൽ ക്രമക്കേടുകൾ നടത്തി തുടങ്ങിയ ആരോപണങ്ങളാണ് അരവിന്ദാക്ഷൻ വിരുദ്ധ വിഭാഗം ഉയർത്തുന്നത്. പാർട്ടിയുമായി ബന്ധപ്പെട്ട കൂടുതൽ അഴിമതികൾ വരും ദിവസങ്ങളിലും വെളിപ്പെടുത്തുമെന്നാണ് കായംകുളത്തിന്റെ് വിപ്ലവം പേജിലൂടെ ഇവർ വ്യക്തമാക്കുന്നത്.
നവമാധ്യമങ്ങിലൂടെ പാര്‍ട്ടിക്കെതിരെ വാര്‍ത്തകള്‍ പ്രചരിച്ചിട്ടും സിപിഐഎം നേതാക്കൾ ഇതുവരെയും വിഷയത്തിൽ പ്രതികരണത്തിന് മുതര്‍ന്നിട്ടില്ല. വിഭാഗീയ പ്രവർത്തനങ്ങൾ ശക്തമായ സാഹചര്യത്തിൽ മാസങ്ങൾക്ക് മുൻപ് സിപിഐഎം സംസ്ഥാന നേതൃത്വം ഇടപ്പെട്ട് കായംകുളത്തെ പാർട്ടി പ്രവർത്തകർക്ക് താക്കീതുകൾ നൽകിയിരുന്നു. ഇതിനെ മറികടന്നാണ് പാർട്ടിയിലെ തമ്മിലടി വീണ്ടും ശക്തമാകുന്നതും നവമാധ്യമങ്ങളിലൂടെയുള്ള പോര് മുറുകുന്നതും.






