
ആഗ്ര: പന്തലുമില്ല മണ്ഡപവമില്ല. വെള്ളക്കെട്ടും മാലിന്യവും നിറഞ്ഞ റോഡിന് മുന്നില്‍ നിന്നും ഭഗ്വാന് ശര്‍മ്മയും ഉഷാദേവിയും തമ്മിലുള്ള വിവാഹം ആഘോഷമാക്കുകയാണ് പ്രദേശവാസികള്‍. ദുര്‍ഗ്ഗന്ധം വമിക്കുന്ന ഓടയും ചീഞ്ഞ പച്ചക്കറികളും മാലിന്യക്കൂമ്പാരത്തിനും മുന്നില്‍ നിന്നുകൊണ്ട് അവര്‍ വരണമാല്യം കൈമാറി തങ്ങളുടെ 17 ാം വിവാഹവാര്‍ഷികം ആഘോഷിച്ചു കൊണ്ട് മന്ത്രങ്ങള്‍ ഏറ്റുചൊല്ലി.
ചീഞ്ഞ് ദുര്‍ഗ്ഗന്ധം വമിക്കുന്ന ഓടയ്ക്ക് മുന്നില്‍ നിന്നുകൊണ്ട് ചടങ്ങുകള്‍ കാണാന്‍ നാട്ടുകാര്‍ എത്തുകയും ചെയ്തു. ഒരു പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഇവിടം തന്നെ തെരഞ്ഞെടുത്തത്. പ്രാദേശിക ഭരണകൂടങ്ങളുടെ ശ്രദ്ധ ക്ഷണിച്ച് അവര്‍ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. മാലിന്യം നിറഞ്ഞ് താറുമാറായ റോഡുകളും വെള്ളക്കെട്ടും ഉള്‍പ്പെടെ വൃത്തിഹീനവും ശോചനീയവുമാണ് പാതകള്‍. ബ്യൂട്ടിപാര്‍ലറില്‍ പോയി നവവധൂവരന്മാരെ പോലെ നല്ല വേഷവും മേക്കപ്പുമൊക്കെയായി സുന്ദരീസുന്ദരന്മാരായി നന്നായി ഒരുങ്ങിയാണ് ഞായറാഴ്ച ഉമാദേവിയും ഭഗ്വാന് ശര്‍മ്മയും എത്തിയത്.
അതിന് ശേഷം വിളിച്ചുവരുത്തിയ പ്രത്യേക പുരോഹിതന്മാര് ചൊല്ലിക്കൊടുത്ത മന്ത്രങ്ങള്‍ ഏറ്റുചൊല്ലി പരസ്പരം മാലയിട്ടു. ചടങ്ങില്‍ അതിഥിയായവര്ക്ക് നല്ല ഉഗ്രന്‍ സദ്യയും നല്കി. ഇതിനോട് ചേര്‍ന്ന മണ്പാതയില് നിന്നുകൊണ്ടു തന്നെ എല്ലാവരും ആഹാരവും കഴിച്ചു. അവര്‍ 'അഴുക്കുചാല്‍ ഇല്ലാതാക്കിയില്ലെങ്കില്‍ വോട്ടു ചെയ്യില്ല' 'വഴിയില്ലേല് വോട്ടുമില്ല' തുടങ്ങിയ മുദ്രാവാക്യം എഴുതിയ പ്ലക്കാര്‍ഡുകളും പിടിച്ചു.
അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനാണ് വേറിട്ട ഈ പ്രതിഷേധമെന്നും പറഞ്ഞു. ഈ പ്രദേശത്ത് താമസിക്കുന്നവര്‍ വര്‍ഷങ്ങളായി ഇവിടെ പ്രതിഷേധം നടത്തുന്നുണ്ടെങ്കിലും ആരും പരിഗണിക്കുന്നില്ലെന്നും പറഞ്ഞു. വിവാഹവാര്‍ഷികം ആദ്യം ലക്ഷദ്വീപിലോ മാലദ്വീപിലോ പോയി ആഘോഷിക്കാനായിരുന്നു ശര്‍മ്മ ആദ്യം ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ജനപ്രതിനിധികളുടെ അവഗണനമൂലം മോശമായി കിടക്കുന്ന ഈ പ്രശ്നം ആള്‍ക്കാരുടെ ശ്രദ്ധയില്‍ പെടുത്താന്‍ ഇവിടെ ആഘോഷം നടത്താമെന്ന് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. 10,000 മുതല്‍ 12,000 പേര് താമസിക്കുന്ന പ്രദേശത്തു കൂടിയാണ് നിറഞ്ഞുകവിഞ്ഞ ഓടയൊഴുകുന്നതും.






