
ഗോഡ്സെയെ പ്രകീര്‍ത്തിച്ച കോഴിക്കോട് എന്‍ഐടി അധ്യാപികയെ പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. ഇക്കാര്യത്തില്‍ അദ്ധ്യാപികയ്ക്ക് നോട്ടീസ് നല്‍കാനൊരുങ്ങുകയാണ് കുന്ദമംഗലം പോലീസ്. ഇവര്‍ക്കൊപ്പം കമന്റുകള്‍ ഇട്ട മറ്റുള്ളവരുടെ വിശദാംശങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ഫേസ്ബുക്ക് കമന്റിന്റെ ആധികാരികതയും സാഹചര്യവും പോലീസ് ചോദിച്ചറിയും.
അദ്ധ്യാപികയുടെ വിലാസം പോലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം കമന്റിന്റെ പേരില്‍ വിവാദത്തിലായ എന്‍ഐടി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അദ്ധ്യാപക ഷൈജ ആണ്ടവന് അവധിയില്‍ പോയിരിക്കുകയാണെന്നാണ് പോലീസിന് കിട്ടിയിട്ടുള്ള വിവരം. അതിനിടയില്‍ അദ്ധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം എസ്എഫ്ഐ ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട് എന്‍ഐടിയില്‍ 'ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി' എന്ന് എഴുതിയ കൂറ്റന്‍ ബാനര്‍ എസ്എഫ്ഐ ക്യാമ്പസില്‍ തൂക്കി. നേരത്തേ ഷൈജ താമസിക്കുന്ന ചാത്തമംഗലത്തെ വീടിനു മുമ്പിലാണ് ചാത്തമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എഫ്ഐ 'ഇന്ത്യ ഗോഡ്സെയുടേതല്ല മാഡം, ഗാന്ധിയുടേതാണ്' എന്ന് എഴുതിയ ഫ്ളക്സ് വെച്ചിരുന്നു.
ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍.ഐ.ടി അധ്യാപിക ഷൈജ ആണ്ടവന് ഗാന്ധിയെ അപഹസിച്ച് കമന്റിട്ടത്. 'പ്രൗഡ് ഓഫ് ഗോഡ്സെ ഫോര്‍ സേവിംഗ് ഇന്ത്യ' എന്നായിരുന്നു അധ്യാപികയുടെ കമന്റ്. പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നല്കിയ പരാതിയിലാണ്് കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തത്.






