
കൊച്ചി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി)യില്‍ അജിത് പവാറിനെ അംഗീകരിക്കാത്ത മന്ത്രി ഏ.കെ.ശശീന്ദ്രന് ഉള്‍പ്പെടെയുള്ള നേതാക്കളോട് വിശദീകരണം തേടി നോട്ടീസ് നല്കാന് നീക്കം. അജിത്പവാര്‍ പക്ഷത്തിന്റെ കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി എന്‍.എ.മുഹമ്മദുകുട്ടിയുടെ നേതൃത്വത്തിലാണ് പടപ്പുറപ്പാട്. ഡല്‍ഹിയില്‍ ഉന്നത നേതാക്കളുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയ മുഹമ്മദുകുട്ടി നിയമവൃത്തങ്ങളുമായും കൂടിക്കാഴ്ച നടത്തി.
നേതാക്കള്‍ വഴങ്ങൂന്നില്ലെങ്കില് തെരഞ്ഞെടുപ്പുകമ്മീഷനെയും കോടതികളെയും സമീപിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് നീക്കം. തുടര്‍ന്ന് നിയമസഭാ സ്പീക്കര്‍ക്ക് കത്തുനല്‍കാനാണ് നിയമോപദേശം. എന്‍സിപിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച് മന്ത്രിയായ ഏ.കെ.ശശീന്ദ്രന് കൂറുമാറ്റം നടത്തിയെന്നാണ് വാദം. താന്‍ ശരദ് പവാറിനൊപ്പമാണെന്ന ശശീന്ദ്രന്റെ പ്രഖ്യാപനമാണ് എതിര്‍പക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അജിത് പവാര്‍ വിഭാഗമാണ് യഥാര്‍ഥ എന്‍സിപി എന്ന ഇലക്ഷന് കമ്മീഷന് തീരുമാനം പുറത്തുവന്നതോടെയാണ് സംസ്ഥാന എന്‍സിപിയില്‍ നിലനിന്നിരുന്ന വിഭാഗീയത മറനീക്കി പുറത്തുവന്നത്.
യഥാര്‍ഥ പാര്‍ട്ടിക്കൊപ്പം വരാന്‍ ഏ.കെ.ശശീന്ദ്രനും തോമസ് കെ തോമസ് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളും തയാറാവണം. പാര്‍ട്ടിക്കൊപ്പം വരണമെന്നാവശ്യപ്പെട്ട് ഇവര്‍ക്ക് ഉടനെ നോട്ടീസ് നല്‍കും. പാര്‍ട്ടി ചിഹ്നഹ്നത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കും ഇതുബാധകമാണെന്ന് എന്‍.എ.മുഹമ്മദുകുട്ടി 'മംഗള'ത്തോടു പറഞ്ഞു. പാര്ട്ടിക്കൊപ്പമല്ലെന്നു ബോധ്യപ്പെട്ടാല്‍ അയോഗ്യരാക്കും.
അതിനിടെ ഇന്ന് കോഴിക്കോട് ഏ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ എന്‍സിപി(എസ്)പേരില്‍ നടത്തുന്ന ഐക്യദാര്‍ഡ്യ സമ്മേളനം സംഘടനാവിരുദ്ധമാണെന്ന് അജിത്പവാര്‍ പക്ഷം വിലയിരുത്തുന്നു. ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ സമാന്തര പരിപാടിയില്‍ പങ്കെടുക്കുന്നതും തെറ്റാണ്. വരും ദിവസങ്ങളില്‍ത്തന്നെ ശശീന്ദ്രന് വിഭാഗത്തിന് നോട്ടീസ് നല്കുന്ന നടപടികളുമായി മുന്നോട്ടു പോവും.
ശരത്പവാര്‍ വിഭാഗത്തിന് എന്‍സിപി(എസ്)എന്ന പേരും ചിഹ്നഹ്നവും രാജ്യസഭാ തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ക്കണ്ടാണ് ഇലക്ഷന് കമ്മീഷന് അനുവദിച്ചത്. പതാക ഉള്‍പ്പെടെയുള്ളവയുടെ അനുമതിക്കായി ഇനിയും നടപടിക്രമങ്ങള്‍ പാലിച്ചുവേണം മുന്നോട്ടുപോകാന്‍. ഇതേസമയം, എന്‍സിപി ഒരു ദേശീയ പാര്‍ട്ടിയല്ല എന്ന നിലപാടിലാണ് ശശീന്ദ്രന്‍പക്ഷം. അജിത് പവാറിന് മഹാരാഷ്ട്രയിലും മേഘാലയയിലും മാത്രമാണ് മേധാവിത്വമുള്ളത്. കേരളത്തില്‍ എന്‍സിപി ഇടതുപക്ഷത്തോടൊപ്പമാണ്. എന്‍.എ.മുഹമ്മദുകുട്ടിക്ക് പ്രത്യേക അധികാരങ്ങളില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ശരത്പവാര്‍ പക്ഷവും.






