
കല്‍പ്പറ്റ : കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് . സംഭവം ഗുരുതരമായി തന്നെ നോക്കികാണുന്നുവെന്നും ആലോചനായോഗം ഉടന്‍ ഉണ്ടാകുമെന്നും എ കെ ശശീന്ദ്രന് മാധ്യമങ്ങളോട് പഞ്ഞു. ആനയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കര്‍ണാടക വനം വകുപ്പിന്റെ വീഴ്ചയെ കുറിച്ച് ഇപ്പോള്‍ പറയാനാകില്ല എന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി അദ്ദേഹത്തിന്റെ സഹായത്തോടെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രതിക്ഷേധങ്ങള്‍ സ്വാഭാവികമാണ്. ആനയെ പിടികൂടാനുളള തീരുമാനം ആലോചിച്ച് എടുക്കും .സ്വാഭാവിക നടപടികള്‍ കൊണ്ട് മാത്രം വയനാട്ടിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാവും എന്ന കരുതുന്നില്ല കര്‍ണാടകയുമായി ബന്ധപ്പെടുമെന്നും കൂടുതല്‍ ആര് ആര് ടി സംഘത്തെ അയക്കുമെന്നും മന്ത്രി വ്യക്തമാക്കി. വന്യജീവകളുടെ നിരന്തരമായ ആക്രമണത്തിന് വിധേയമായി വയനാട്ടിലെ മനുഷ്യർ കൊല്ലപ്പെടുകയും കൃഷി നശിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. വനം വകുപ്പിന് ചെയ്യാൻ കഴിയുന്ന എല്ലാ നടപടികളും വേഗത്തിൽ സ്വീകരിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ജനങ്ങൾക്ക് വേണ്ട രീതിയിൽ ലഭിക്കുന്നില്ല എന്നത് വസ്തുതയാണന്ന് മന്ത്രി വ്യക്തമാക്കി.
ജനങ്ങളുടെ ഭാഗത്ത് നിന്ന് സഹകരണം ഉണ്ടാകണം. ജനക്കൂട്ടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം. കുറേകൂടി സൗമ്യമായി ഉദ്യോഗസ്ഥരോട് സംസാരിച്ച് ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് മുൻപോട്ട് പോകുക എന്നതാണ് ഇപ്പോൾ ചെയ്യാൻ കഴിയുന്ന കാര്യം. ഒരാളുടെ ജീവൻ നഷ്ടപ്പെട്ടു എന്നത് ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. സർക്കാരും വനംവകുപ്പും ആതേ ഗൗരവത്തോടെ തന്നെ ഈ സംഭവത്തെ കാണുന്നുണ്ട്. ഇപ്പോൾ ആരുടെയും ഭാഗത്തുള്ള വീഴ്ച്ചയെ കുറിച്ചല്ല, ഇനി എന്താണ് ചെയ്യാൻ കഴിയുക എന്നതാണ് ആലോചിക്കുന്നത്. ജനങ്ങളെ പോലെ തന്നെ ആശങ്ക നമുക്കുമുണ്ട്. ഉചിതമായ തീരുമാനം തന്നെയെടുക്കും. കർണാടക ഫോറസ്റ്റ് അധികൃതരുമായി ബന്ധപ്പെടുന്നുണ്ട് എന്നും മന്ത്രി അറിയിച്ചെന്ന് മന്ത്രി വ്യക്തമാക്കി.
കാട്ടാനയുടെ ആക്രമണത്തിൽ ഇന്ന് രാവിലെ പടമല മുട്ടങ്കര സ്വദേശി പനച്ചിക്കൽ അജി എന്നയാള്‍ മരിച്ചിരുന്നു. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതിൽ തകർത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.






