
യാത്രകള്‍ക്ക് കൂട്ടായി പുത്തനൊരു ആഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മംമ്ത മോഹന്‍ദാസ്. സാധാരണ ലക്ഷ്വറി വാഹനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായൊരു റോഡ്സ്റ്റര്‍ മോഡലാണ് താരം സ്വന്തമാക്കിയത്. പോയ വര്‍ഷം മെയ് മാസത്തിലാണ് വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ബിഎംഡബ്ല്യു Z4 M40i ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 89.30 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തുന്ന ഈ ഓപ്പണ്‍-ടോപ്പ് ടൂ-സീറ്റര്‍ റോഡ്സ്റ്റര്‍ മോഡലിന് കൊച്ചിയില്‍ ഏകദേശം 1.16 കോടി രൂപയോളമാണ് ഓണ്‍-റോഡ് വില വരുന്നത്. ഇന്‍ഡിവിജുവല്‍ രജിസ്ട്രേഷനായി തന്നെ 20.50 ലക്ഷം രൂപയോളം വരുമ്പോള്‍ ഇന്‍ഷുറന്‍സിനായി 3.72 ലക്ഷം രൂപയോളമാണ് ചെലവ്.
സമ്പൂര്‍ണ ഇറക്കുമതി വാഹനമായാണ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കള്‍ ഈ കാറിനെ രാജ്യത്ത് എത്തിക്കുന്നത്. സ്കൈസ്ക്രാപ്പര്‍ ഗ്രേ, പോര്‍ട്ടിമാവോ ബ്ലൂ ഓപ്ഷനുകള്‍ ഉള്‍പ്പെടെ 7 കളര്‍ ഓപ്ഷനുകളിലും ഈ മോഡല്‍ ലഭ്യമാകും. ഇതില്‍ തണ്ടര്‍നൈറ്റ് മെറ്റാലിക് എന്ന നിറത്തിലൊരുങ്ങിയ മോഡലാണ് മമ്ത തന്റെ ഗരാജിലെത്തിച്ചിരിക്കുന്നത്. പുത്തന്‍ വണ്ടി സ്വന്തമാക്കിയ വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ 7.0 വേര്‍ഷന്‍ വരുന്ന കണക്റ്റഡ് സവിശേഷതകളുള്ള 10.25 ഇഞ്ച് ഹൈ-റെസല്യൂഷന്‍ ടച്ച്സ്ക്രീന്‍ ഡിസ്പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേയുള്ള ബിഎംഡബ്ല്യു ലൈവ് കോക്ക്പിറ്റ്, 3D മാപ്പുകളുള്ള ജിപിഎസ് സംവിധാനം, ടച്ച് കണ്ട്രോളര്, ആപ്പിള്‍ കാര്‍പ്ലേ, പാര്‍ക്കിംഗ്, ഡ്രൈവിംഗ് അസിസ്റ്റന്റ് ഫംഗ്ഷന് തുടങ്ങിയ ഡ്രൈവര്‍ അസിസ്റ്റന്റ് ഫീച്ചറുകളും കാറിന്റെ പ്രത്യേകതകളാണ്.
Z4 M40i-യുടെ സ്റ്റാന്‍ഡേര്‍ഡ് ഇന്റീരിയര്‍ ട്രിം ഒരു അലുമിനിയം മെഷ് ഇഫക്റ്റ് അവതരിപ്പിക്കുന്നതും ആഡംബര ഫീല്‍ നല്കുന്ന കാര്യമാണ്. വെര്‍ണാസ്ക ലെതറില്‍ മൂന്ന് യുണീക് അപ്ഹോള്‍സ്റ്ററി ഓപ്ഷനുകളാണ് ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നത്. അതില്‍ മാഗ്മ റെഡ് ഓപ്ഷനാണ് മമ്ത മോഹന്‍ദാസ് തെരഞ്ഞെടുത്തിരിക്കുന്നത്. ഓട്ടോ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, ബ്രേക്ക്-എനര്‍ജി റീജനറേഷന്‍ എന്നിവ ഉള്‍പ്പെടുന്ന വിപുലമായ സാങ്കേതിക സവിശേഷതകള്‍ ബിഎംഡബ്ല്യു ഈ കാറില്‍ നല്‍കുന്നുണ്ട്. ഇക്കോപ്രോ, കംഫര്‍ട്ട്, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും സ്പോര്‍ട്സ് കാറില്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷയെ കുറിച്ച് പറയുമ്പോള്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും വേണ്ടി ഫ്രണ്ട്, സൈഡ് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ്, ഡൈനാമിക് സ്റ്റെബിലിറ്റി കണ്ട്രോള്, ഇലക്ട്രോണിക് വെഹിക്കിള്‍ ഇമോബിലൈസര്‍, ക്രാഷ് സെന്‍സറുകള്‍ എന്നിവയെല്ലാമാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കള്‍ സജ്ജീകരിച്ചിരിക്കുന്നത്.
പുതിയ ബിഎംഡബ്ല്യു Z4 M40i ഓപ്പണ്‍-ടോപ്പ് സ്പോര്‍ട്സ് കാറിന് 340 bhp പവറില്‍ പരമാവധി 500 Nm torque നല്കുന്ന 3.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഈ ആഡംബര കാറിന്റെ എഞ്ചിന് വെറും 4.5 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കും. അതേസമയം പരമാവധി വേഗം 250 കിലോമീറ്ററായും പരിമിതപ്പെടുത്തിയിട്ടുണ്ട്.






