
അവോര്‍ ഇലക്ട്രിക് എന്നറിയപ്പെടുന്ന അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡ് തങ്ങളുടെ ആദ്യത്തെ ഇവി ഇന്ത്യക്കായി സമര്‍പ്പിക്കാനായി തയ്യാറെടുത്തിരിയ്ക്കുകയാണ്. ഇതിന്റെ ഭാഗമായി മോഡലിന്റെ ആദ്യത്തെ ടീസര്‍ ചിത്രവും കമ്പനി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി പുറത്തുവിട്ടിരിക്കുകയാണ്. ആവോര്‍ ഔദ്യോഗികമായി മോട്ടോര്‍സൈക്കിളിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ടീസറില്‍ ഇവിയുടെ സൈഡ് പാനലുകളില്‍ EX/2S ബ്രാന്‍ഡിംഗ് കാണിക്കുന്നുണ്ട്.
വരാനിരിക്കുന്ന മോട്ടോര്‍സൈക്കിള്‍ അടുത്തിടെ അഹമ്മദാബാദിലെ പൊതു നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. പുതിയ ടീസറിലൂടെ ഇവിയുടെ നിരവധി ഡിസൈന്‍, ഫീച്ചര്‍ വിശദാംശങ്ങളും മനസിലാക്കാനായിട്ടുണ്ട്. തദ്ദേശീയ സാങ്കേതിക പ്ലാറ്റ്ഫോമിലാണ് മോട്ടോര്‍സൈക്കിള്‍ വികസിപ്പിച്ചിരിക്കുന്നതെന്നും കമ്പനിയുടെ ഇലക്ട്രിക് മൊബിലിറ്റി പദ്ധതികളില്‍ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്നും ആവോര്‍ പറയുന്നു. ഡിസൈന്‍ തന്നെയാവും ഇലക്ട്രിക് ബൈക്കിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
വളര്‍ന്നു വരുന്ന ഇടത്തരം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തെ ലക്ഷ്യം വെച്ചുള്ള ഷാര്‍പ്പും അഗ്രസീവുമായ ഡിസൈന്‍ ശൈലിയാണ് ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്. മോട്ടോര്‍സൈക്കിളില്‍ സ്‌കള്‍പ്പഡ് ബോഡി പാനലുകള്‍, മസ്‌ക്കുലാര്‍ ടാങ്ക് സെക്ഷന്‍, ഇന്റഗ്രേറ്റഡ് ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള യൂണീക് എല്‍ഇഡി ഹെഡ്ലാമ്പ് സജ്ജീകരണം എന്നിവയെല്ലാം ഇടംപിടിച്ചിട്ടുണ്ട്. ബാറ്ററി സ്‌പെസിഫിക്കേഷനുകള്‍ അവോര്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ബാറ്ററി ചാര്‍ജ് ലെവല്‍ 82 ശതമാനത്തില്‍ 215 കിലോമീറ്റര്‍ ശേഷിക്കുന്ന റേഞ്ച് ടീസറിലെ ഡിസ്‌പ്ലേ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇത് മോട്ടോര്‍സൈക്കിളിന് കുറഞ്ഞത് 250 കിലോമീറ്റര്‍ റേഞ്ച് എങ്കിലും ലഭിക്കുമെന്ന് വിശ്വസിക്കാം.
സവിശേഷതകളാല്‍ സമ്പന്നമായ ഒരു റൈഡിംഗ് അനുഭവത്തെ സൂചിപ്പിക്കുന്ന ഒന്നിലധികം റൈഡ് മോഡുകളും ഇവിക്ക് ലഭിക്കുന്നതായിരിക്കും. 'ഇന്റലിജന്‍സ് ബിയോണ്ട് മോഷന്‍' എന്ന തത്വശാസ്ത്രത്തെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്തിരിക്കുന്നതിനാല്‍ വാഹനത്തിലുടനീളം മോഡണ്‍ ടെക്‌നോളജി സംയോജിപ്പിച്ചിട്ടുണ്ടെന്നും അവോര്‍ ഇലക്ട്രിക് പറയുന്നു. വിപുലമായ ഇന്‍-ഹൗസ് ഗവേഷണത്തിലൂടെയും വികസനത്തിലൂടെയുമാണ് മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു.






