
ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ കെ. ബാബു എംഎല്എയ്്ക്ക് സുപ്രീം കോടതിയിലും തിരിച്ചടി. ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് എം.സ്വരാജ് സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജി നിലനില്‍ക്കുമെന്ന് നേരത്തെ ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ബാബു സമര്‍പ്പിച്ച അപ്പീലിലാണ് എല്ലാ വാദങ്ങളും സുപ്രീം കോടതി തള്ളിയത്. ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്നും തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ വാദം തുടരാമെന്നും കോടതി വ്യക്തമാക്കി.
എം.സ്വരാജ് ഹര്‍ജി സമര്‍പ്പിക്കാന്‍ എടുത്ത കാലതാമസവും മറ്റ് സാങ്കേതിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് കെ.ബാബു സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിലെ ഹര്‍ജിയില്‍ സ്റ്റേ വേണമെന്നായിരുന്നു വാദം. എന്നാല്‍ സ്റ്റേ നല്കാന് വിസമ്മതിച്ച സുപ്രീം കോടതി, വേഗത്തില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയുകയായിരുന്നു.
മതചിഹ്നങ്ങള്‍ ഉപയോഗിച്ചും അയ്യപ്പന്റെ പേരിലും പ്രചാരണങ്ങള്‍ നടത്തി വോട്ട് പിടിച്ചു എന്ന് കാണിച്ചാണ് കെ.ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് എം.സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്.






