
ഹൈദരാബാദില്‍ എല്‍കെജി വിദ്യാർത്ഥിയുടെ ഫീസായി 4 ലക്ഷം രൂപ വരെ ഈടാക്കുന്നതായി വിവരം . ഒരു രക്ഷിതാവ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്കൂള്‍ ഫീസ് ഒറ്റയടിക്ക് 65 ശതമാനം വര്‍ദ്ധിപ്പിച്ചെന്നാണ് പരാതി. 2023ൽ 2.3 ലക്ഷമായിരുന്ന ഫീസ് 2024ൽ 3.7 ലക്ഷമായി സ്കൂള്‍ അധികൃതര്‍ ഉയർത്തിയെന്ന് രക്ഷിതാവ് പറയുന്നു. ഹൈദരാബാദിലെ ബച്ചുപള്ളിയിലെ സ്കൂളിനെതിരെയാണ് വെളിപ്പെടുത്തല്‍.
എന്നാല്‍ അതേ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന മൂത്ത മകന് ഫീസായി 3.2 ലക്ഷം രൂപയാണ് താന്‍ അടയ്ക്കുന്നതെന്ന് രക്ഷിതാവ് പറഞ്ഞു. സാമ്പത്തികഭാരം താങ്ങാനാകുന്നില്ലെന്നും കുട്ടിയെ സ്കൂൾ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ഇദ്ദേഹം വ്യക്തമാക്കി. അതേസമയം ഐബി പാഠ്യപദ്ധതിയിലേക്കുള്ള മാറ്റം കാരണമാണ് ഫീസ് വർദ്ധിപ്പിച്ചതെന്നാണ് സ്കൂളിന്റെ വിശദീകരണം.






