
കൊല്‍ക്കത്ത: സന്ദേശ്ഖാലി വിഷയത്തില്‍ ദ്വീപ് സന്ദര്‍നത്തിന് എത്തിയ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയെയും സി.പി.എമ്മിന്റെ ബൃന്ദ കാരാട്ടിനെയും തടഞ്ഞു. ഇന്നു രാിവലെയായിരുന്നു സംഭവം. ഇത് മൂന്നാം തവണയാണ് സുവേന്ദു അധികാരി തടയപ്പെടുന്നത്.
ഇന്ന് രാവിലെ, ധമഖാലിയില്‍ ബിജെപി നേതാവിനെയും അനുയായികളെയും തടയാന്‍ പോലീസും കലാപ നിയന്ത്രണ സേനാംഗങ്ങളും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയുണ്ടായി. കൂടാതെ, പ്രാദേശിക ഭരണകൂടം സന്ദേശ്ഖാലിയിലും പരിസര പ്രദേശങ്ങളിലും പൊതുയോഗങ്ങള്‍ ഒഴിവാക്കി നിരോധന ഉത്തരവുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇത് മറ്റൊരു രാഷ്ട്രീയ പോരിന് കളമൊരുക്കിയിട്ടുണ്ട്.
നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി ദ്വീപ് തൃണമൂല്‍ നേതാക്കളുടെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ക്കും സ്ത്രീകളുടെ പീഡനവും കൊള്ളപ്പലിശയും ആരോപിക്കുന്ന ഒന്നിലധികം അക്കൗണ്ടുകളും തുടര്‍ന്നാണ് വാര്‍ത്തകളില്‍ ഇടം നേടിയത്.
പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരിയെയും അദ്ദേഹത്തിന്റെ അനുയായികളെയും ദ്വീപിലേക്ക് കൊണ്ടുപോകാന്‍ കടത്തുവള്ളത്തില്‍ കയറുന്നതിന് മുമ്പാണ് ധമഖാലിയില്‍ വെച്ചാണ് തടഞ്ഞത്. തൃണമൂല്‍ നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്തിയതിന് ശേഷം സന്ദേശ്ഖാലി സന്ദര്‍ശിക്കാനുള്ള അധികാരിയുടെ മൂന്നാമത്തെ ശ്രമമായിരുന്നു ഇത്.
സന്ദേശ്ഖാലി സന്ദര്‍ശിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ഇന്നലെ അധികാരിയെ അനുവദിച്ചു. ക്രമസമാധാന നില തകരാന്‍ കാരണമായേക്കാവുന്ന ഒരു പ്രവര്‍ത്തനത്തിലും താനും അദ്ദേഹത്തിന്റെ അനുയായികളും ഏര്‍പ്പെടില്ലെന്ന് ഉറപ്പ് നല്‍കണമെന്ന വ്യവസ്ഥയിലായിരുന്നു അനുവാദം.
പ്രാദേശിക തൃണമൂല്‍ നേതാവ് ഷെയ്ഖ് ഷാജഹാന്റെ സഹായികള്‍ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ബിജെപി ആരോപണത്തെ തുടര്ന്നാണണ് ദ്വീപ് വന്‍ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ കേന്ദ്രമായി മാറിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമപദ്ധതികള്‍ക്ക് കീഴില്‍ ലഭിച്ച പണം ഷാജഹാന്റെ സഹായികള്‍ ബലമായി കൈക്കലാക്കുന്നുവെന്നും പ്രദേശവാസികള്‍ ആരോപിച്ചു.
അഴിമതിക്കേസില്‍ ഷാജഹാനെതിരെ റെയ്ഡ് നടത്തുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തെ ആള്‍ക്കൂട്ടം ആക്രമിച്ചതിനെത്തുടര്‍ന്ന് ഒരു മാസമായി ഷാജഹാന് ഒളിവിലാണ്. ഇയാളുടെ രണ്ട് സഹായികളായ ഉത്തം സര്‍ദാറും ഷിബു ഹസ്രയും അറസ്റ്റിലായിട്ടുണ്ട്.






