
ഹൈദരാബാദ്: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രഞ്ജി ട്രോഫി കിരീടം നേടിയാല്‍ ഹൈദരാബാദ് ക്രിക്കറ്റ് ടീമിലെ ഓരോ കളിക്കാരനും ബി എം ഡബ്ല്യു കാറും ടീമിന് ഒരു കോടി രൂപയും സമ്മാനം വാഗ്ദാനം ചെയ്ത് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് തലവന്‍ ജഗന്മോഹന് റാവു. ഈ സീസണില്‍ ഇന്ത്യന്‍ താരം തിലക് വര്‍മയുടെ ക്യാപ്റ്റന്‍ സിയില്‍ പ്ലേറ്റ് ഗ്രൂപ്പില്‍ മത്സരിച്ച ഹൈദരാബാദ് ഫൈനലില്‍ മേഘാലയയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് അടുത്ത സീസണില്‍ എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത നേടിയിരുന്നു.
പിന്നാലെയാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് മേധാവിയുടെ വമ്പന്‍ പ്രഖ്യാപനം വന്നത്.പ്ലേറ്റ് ഗ്രൂപ്പ് ഫൈനലില്‍ മേഘാലയയെ തോല്‍പ്പിച്ച് എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത നേടിയ ഹൈദരാബാദ് ടീമിന് 10 ലക്ഷം രൂപ സമ്മാനവും മികച്ച പ്രകടനം നടത്തിയവര്‍ക്ക് 50000 രൂപയും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രഞ്ജിട്രോഫിയുടെ ചരിത്രത്തില്‍ രണ്ടു വട്ടം മാത്രമാണ് ഹൈദരാബാദ് കിരീടം നേടിയിട്ടുളളത്. 1937-38 , 1986-87 സീസണുകളിലായിരുന്നു .
കളിക്കാര്‍ക്ക് പ്രചോദനം നല്‍കാനാണ് ഇത്തരമൊരു പ്രഖ്യാപനമെന്ന് പറഞ്ഞ് ജഗന് മോഹന്‍ റാവു അടുത്ത സീസണില്‍ കിരീടം നേടുക എന്നത് യാഥാര്‍ത്ഥ്യ ബോധത്തോടെ ചിന്തിച്ചാല്‍ അസാധ്യമെന്ന് അറിയാവുന്നതുകൊണ്ടാണ് മൂന്ന് സീസണുകള്‍ സമയം നല്‍കുന്നതെന്നും വ്യക്തമാക്കി.കഴിഞ്ഞ സീസണില്‍ എലൈറ്റ് ഗ്രൂപ്പില്‍ ഏറ്റവും അവസാനം ഫിനിഷ് ചെയ്തതിനെത്തുടര്‍ന്ന് ഹൈദരാബാദ് എലൈറ്റ് ഗ്രൂപ്പില്‍ നിന്ന് പ്ലേറ്റ് ഗ്രൂപ്പിലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്നു.
ഈ സീസണിലെ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ പോരാട്ടങ്ങളുടെ ലൈനപ്പായിട്ടുണ്ട്. ഗ്രൂപ്പ് എയില്‍ നിന്ന് വിദര്‍ഭ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ സൗരാഷ്ട്രയാണ് ഈ ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടറിലെത്തിയ രണ്ടാമത്തെ ടീം. കേരളം ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയില്‍ മുംബൈയും ആന്ധ്രയുമാണ് ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് സിയില്‍ നിന്ന് തമിഴ്നാടും കര്‍ണാടകയും ക്വാര്‍ട്ടറിലെത്തി . ഗ്രൂപ്പ് ഡിയില്‍ നിന്ന് മധ്യപ്രദേശും ബറോഡയും ക്വാര്‍ട്ടറിലെത്തി.






