
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പേട്ടയില്‍ കാണാതാകുകയും പിന്നീട് പോലീസ് കണ്ടെത്തുകയും ചെയ്ത രണ്ടു വയസ്സുകാരിയുടെ കേസില്‍ ഡിഎന്‍എ പരിശോധന നടത്താനൊരുങ്ങി പോലീസ്. കുട്ടിയെ ആരാണ് തട്ടിക്കൊണ്ടു പോയതെന്നോ പിന്നീട് കണ്ടെത്തിയ സ്ഥലത്ത് എത്തിച്ചത് ആരാണെന്നോ ഇതുവരെ ഒരു സൂചനയും പോലീസിന് കിട്ടാത്ത സാഹചര്യത്തില്‍ അന്വേഷണം വീടിനുള്ളിലേക്ക് നീങ്ങുകയാണ്.
കുട്ടിയുടെ മാതാപിതാക്കളെ തന്നെ സംശയിക്കുന്ന സാഹചര്യത്തിലാണ് ഡിഎല്‍എ പരിശോധന നടത്തുന്നത്. കുട്ടിയെ സംബന്ധിക്കുന്ന ഒരു രേഖകളും ഹാജരാക്കാന്‍ നാടോടി കുടുംബത്തിന് കഴിഞ്ഞിട്ടില്ല. ഇതേത്തുടര്‍ന്ന് രണ്ടരവയസ്സുകാരി ഇവരുടെ തന്നെ മകളാണോ എന്ന സംശയവും ഉയര്‍ന്നിരിക്കുകയാണ്. കുട്ടിയുടെയും മാതാപിതാക്കളുടെയും രക്തസാമ്പിളുകള്‍ ശേഖരിച്ചു. ഒമ്പത് ദിവസത്തിനുള്ളില്‍ ഡിഎന്‍എ പരിശോധനാ ഫലം വരുമെന്നാണ് പൊലീസ് പറയുന്നത്. ഇതിനൊപ്പം കുട്ടിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടോയെന്നും പരിശോധിക്കും.
കുട്ടി നിലവില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ സമിതിയുടെ തണലിലാണ്. തങ്ങള്‍ക്ക് കേസുമായി മൂമ്പോട്ട് പോകാന്‍ താല്‍പ്പര്യം ഇല്ലെന്നും കുട്ടിയെ വിട്ടു നല്‍കണമെന്ന ആവശ്യവുമായി മാതാപിതാക്കളും രംഗത്ത് വന്നിട്ടുണ്ട്. ബ്രഹ്മോസിന് പിറകിലുള്ള കാടുമൂടിയ ഓടയിലേക്ക് കുട്ടി എങ്ങനെയെത്തിയെന്നതിന്റെ ഉത്തരമാണ് പൊലീസ് ഇപ്പോള്‍ തേടുന്നത്. നാല്‍പ്പതോളം വീടുകളില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളുടെ സൈബര്‍ പരിശോധനാ ഫലം കൂടി ലഭിക്കേണ്ടതുണ്ട്. അതേസമയം കുടുംബം അന്വേഷണവുമായി ഒരു തരത്തിലും സഹകരിക്കുന്നില്ല.






