
ലോകത്തുള്ള ഏറ്റവും കടുപ്പമേറിയ വിപണികളില്‍ ഒന്നാണ് ഇന്ത്യയെന്നും ഇവിടെ വിജയിക്കാന്‍ കഴിഞ്ഞാല്‍ ലോകത്ത് എവിടെയും വിജയം നേടാമെന്നും ഉബര്‍ സിഇഒ ദാരാ ഖോസ്രോഷാഹി. ഇന്ത്യാക്കാര്‍ വളരെയധികം ആവശ്യപ്പെടുമെങ്കിലും ഒന്നിനും പണം നല്കാന് തയ്യാറല്ലെന്നും ഊബര്‍ ഇന്ത്യയില്‍ വലിയ ബിസിനസ് ലക്ഷ്യമിട്ട് ഇരുചക്ര, മുച്ചക്ര, ബസ് സര്‍വീസുകളെക്കുറിച്ച് കൂടി ആലോചിക്കുന്നെന്നും പറഞ്ഞു.
തങ്ങളുടെ ഇന്ത്യന്‍ വിപണിയെക്കുറിച്ച് വ്യാഴാഴ്ച ബെംഗളൂരുവില്‍ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന് നിലേകനിയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. ചില മേഖലകളില്‍ യൂബര്‍ ബസ് സര്‍വീസുകളും കുറഞ്ഞ നിരക്കില്‍ ഇരുചക്ര മുച്ചക്ര സര്‍വീസുകളും ആലോചിക്കുന്നതായി ഖോസ്രോഷാഹി പറഞ്ഞു. റൈഡ്-ഹെയ്ലിംഗ് കമ്പനി ഇന്ത്യയില്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ കുറഞ്ഞ നിരക്കിലുള്ള സേവന വിഭാഗങ്ങള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായും ഖോസ്രോഷാഹി വെളിപ്പെടുത്തി.
ഞങ്ങളുടെ സേവനങ്ങള്‍ വിശാലമായ ഒരു ജനവിഭാഗത്തിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള അസാധാരണമായ അവസരം കൂടിയാണിതെന്നും അതുകൊണ്ടു തന്നെ ഒരു ഉയര്‍ന്ന മധ്യവര്‍ഗ ഉല്പ്പന്നമാകാന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവര്ക്കും ലഭ്യമാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖോസ്രോഷാഹി ഇന്ത്യയുടെ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിനെ പ്രശംസിക്കുകയും ലോകമെമ്പാടുമുള്ള കമ്പനികള്‍ക്കും സര്‍ക്കാരുകള്‍ക്കും അതിന്റെ അളവിലും അഭിലാഷത്തിലും നിന്ന് പഠിക്കാമെന്നും പറഞ്ഞു. ഖോസ്രോഷാഹി ഓപ്പണ്‍ സോഴ്സ് സാങ്കേതികവിദ്യയിലും യുബറിന്റെ താല്‍പ്പര്യവും പ്രകടിപ്പിച്ചു.
ഉപഭോക്താക്കള്‍ക്കൊപ്പം ഡ്രൈവര്‍മാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, കോവിഡ് മഹാമാരിക്ക് ശേഷം എങ്ങനെയാണ് ഊബര്‍ ഇന്ത്യയിലെ തന്ത്രങ്ങള്‍ മാറ്റിയതെന്നും ഖോസ്രോഷാഹി വെളിപ്പെടുത്തി. ലോക്ക്ഡൗണ്‍ കാലത്ത് വെല്ലുവിളികള്‍ നേരിട്ടെങ്കിലും, പിരിച്ചുവിടലുകളില്‍ കലാശിച്ചെങ്കിലും, 3 ബില്യണ്‍ ഡോളര്‍ ലാഭം നേടാന്‍ യുബറിന് കഴിഞ്ഞു. കഴിഞ്ഞ ദശകത്തില്‍, ഇന്ത്യയിലെ 125 നഗരങ്ങളില്‍ യൂബര്‍ പ്രവര്‍ത്തിക്കുകയും 3 ബില്യണ്‍ യാത്രകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു, അദ്ദേഹം വെളിപ്പെടുത്തി.






